വിസ്മയയുടെ മരണം പുനരാവിഷ്‌കരിച്ച് പൊലീസ്; സാക്ഷിയായി കിരണും
Kollam Vismaya Case
വിസ്മയയുടെ മരണം പുനരാവിഷ്‌കരിച്ച് പൊലീസ്; സാക്ഷിയായി കിരണും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th June 2021, 6:37 pm

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തി. പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശുചിമുറിയിലാണ് ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും ഇതിനുശേഷം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു.

വാതില്‍ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരണ്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇതിനുവേണ്ടിയാണ് ശാസ്ത്രീയ പരിശോധനകള്‍ നടത്തിയതെന്നും പൊലീസ് പറഞ്ഞു.

കിരണ്‍ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് ശ്രമം.

കിരണ്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കീഴടങ്ങുന്നതിന് മുമ്പ് തന്നെ കിരണിന് നിയമസഹായം ലഭിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

സാങ്കേതികമായി പരിജ്ഞാനമുള്ള കിരണ്‍ വിസ്മയയുടെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായും മായ്ച്ച് കളഞ്ഞെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസ്.

ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സസ്പെന്‍ഷന്‍ അവസാനിച്ച് കിരണ്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. അതുകൊണ്ടാണ് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസിന്റെ നീക്കം.

ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.

എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.

മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kollam Vismaya Death Recreate Kiran Kumar