വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ട്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെന്ന് ഐ.ജി.
Kollam Vismaya Case
വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ട്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെന്ന് ഐ.ജി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd June 2021, 12:50 pm

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ദക്ഷിണ മേഖലാ ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും ഡോക്ടറുടെ മൊഴി എടുക്കുമെന്നും ഐ.ജി. പറഞ്ഞു.

‘ ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കും. എല്ലാവരുടേയും മൊഴികളെടുക്കും. കൊലപാതകമായാലും ആത്മഹത്യയായാലും കാരണക്കാര്‍ക്ക് ശക്തമായ ശിക്ഷ വാങ്ങി നല്‍കും,’ അവര്‍ പറഞ്ഞു.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനു പുറമേ മറ്റു ബന്ധുക്കളെയും കേസില്‍ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമാകും.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.

എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kollam Vismaya Death IG Harshitha Attalloori Kiran