കോഴിക്കോട്: കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ ജയറാമിനെതിരെ നടന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന്‍ സുരേഷ് ഗോപി. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയിലാണ് ജയറാം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലക്കാണ് ജയറാം പ്രതികരിച്ചത്. ജയറാമിന് അതിന് അവകാശമില്ലേ. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ? വിപണന ഉത്പന്നത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അത് ഇവിടെ വിലക്കിയിട്ടുണ്ടോ? കഞ്ചാവിന്റെ പരസ്യത്തില്‍ അല്ല അദ്ദേഹം അഭിനയിച്ചത്,’ സുരേഷ് ഗോപി പറഞ്ഞു.
വിസ്മയയുടെ മരണവാര്‍ത്ത വിവാദമായതിന് പിന്നാലെയാണ് ഇന്ന് നീ, നാളെ എന്റെ മകള്‍ എന്ന് ജയറാം ഫേസ്ബുക്കിലെഴുതിയത്. വിസ്മയയുടെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു പോസ്റ്റ്.
എന്നാല്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഇതിന് പിന്നാലെ വന്നത്. ജയറാമും മകള്‍ മാളവികയും മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഈ പരസ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ട്രോളുകള്‍.
പരസ്യത്തില്‍ വിവാഹത്തിനായി ധാരാളം സ്വര്‍ണം ധരിച്ച് ഒരുങ്ങി നില്‍ക്കുന്ന രീതിയിലാണ് ജയറാമിന്റെ മകള്‍ എത്തുന്നത്. ഈ പരസ്യത്തിന്റെ ദൃശ്യങ്ങള്‍ വെച്ചുകൊണ്ടാണ് ജയറാമിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഇതിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
വിസ്മയ തന്നെയൊന്ന് നേരത്തെ വിളിച്ചിരുന്നെങ്കില്‍ താന്‍ അവിടെയെത്തി ഭര്‍ത്താവ് കിരണിനെ പോയി രണ്ട് പൊട്ടിച്ചേനെ എന്നും ചര്‍ച്ചയില്‍ സുരേഷ് ഗോപി പറഞ്ഞു.
തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി.