കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
പന്ത്രണ്ടര ലക്ഷം രൂപം പിഴ വിധിച്ചതില്‍ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
ആത്മഹത്യാ പ്രേരണക്ക് ആറ് വര്‍ഷമാണ് തടവുശിക്ഷ. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഢനവുമടക്കമുള്ള വകുപ്പുകളിലായി ഒരുമിച്ച് പത്ത് പത്ത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു.
വിധി പ്രസ്താവം കേള്‍ക്കാന്‍ വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ പ്രതി കിരണ്‍ കുമാറും കോടതിയിലെത്തിയിരുന്നു.
കോടതിയില്‍ വെച്ച്, എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതിയോട് ജഡ്ജി ചോദിച്ചപ്പോള്‍, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വിസ്മയയുടേത് ആത്മഹത്യയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും ഒന്നിലേറെ തവണ കിരണ്‍ കുമാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
തനിക്ക് പ്രായമുള്ള അച്ഛനമ്മമാരുണ്ടെന്നും കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കോടതിയില്‍ പ്രതി പറഞ്ഞങ്കെിലും മാതൃകാപരമായി കിരണിന് ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം ജീവപര്യന്തം ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. അഞ്ചാമതായായിരുന്നു ഇന്നലെ കോടതി കേസ് പരിഗണിച്ചത്.
കിരണിനെതിരെയുള്ള ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന പീഡനക്കുറ്റവും തെളിഞ്ഞായും കിരണ്‍ കുമാറിന് സുപ്രീംകോടതി അനുവദിച്ച ജാമ്യം റദ്ദാക്കുന്നതായും അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ പറഞ്ഞിരുന്നു.
വിസ്മയയുടെ മരണത്തിന് 11 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നാല് മാസത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്.
നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു.
വിസ്മയയുടെ മരണത്തെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. വിചാരണക്കിടെ കിരണിന്റെ പിതാവ് സദാശിവന്‍പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോകളും വിസ്മയ വീട്ടുകാര്‍ക്ക് അയച്ചുനല്‍കിയിരുന്നു. ഈ തെളിവുകളും കേസില്‍ നിര്‍ണായകമായിരുന്നു.
Content Highlight: Kollam Vismaya case verdict accused punished with 10 years in prison