| Thursday, 8th July 2021, 5:08 pm

വിസ്മയ കേസ്; എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് കിരണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: വിസ്മയ കേസിന്റെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതി ഹരജിയില്‍ പറയുന്നു. കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നല്‍കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല.

അതേസമയം സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍കുമാറും കുടുംബവും വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനെപ്പറ്റി കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭര്‍തൃവീട്ടിലെ മാനസിക പീഡനത്തില്‍ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗണ്‍സിലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

കിരണും കുടുംബവും കാരണം തന്റെ പഠനം മുടങ്ങിപ്പോവുന്നത് വിസ്മയ പങ്കുവെച്ചിരുന്നെന്ന് കൗണ്‍സിലിങ് വിദഗ്ധന്‍ പൊലീസിനോട് പറഞ്ഞു. വിസ്മയ വിവരങ്ങള്‍ പങ്കുവെച്ചിരുന്ന സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

സ്ത്രീധന പീഡനത്തിന്റെ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനായി കിരണിനെതിരെ ലഭിക്കാവുന്ന എല്ലാ മൊഴികളും രേഖപ്പെടുത്തണമെന്ന് അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി നിര്‍ദേശിച്ചിരുന്നു.

ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.

എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.

മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.


ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kollam Vismaya Case Kiran Kumar FIR

We use cookies to give you the best possible experience. Learn more