വിസ്മയ കേസ്; പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ
Kerala News
വിസ്മയ കേസ്; പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 11:18 am

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അഞ്ചാമതായായിരുന്നു കോടതി കേസ് പരിഗണിച്ചത്.

കിരണിനെതിരെയുള്ള ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന പീഡനക്കുറ്റവും തെളിഞ്ഞു. കിരണ്‍ കുമാറിന് സുപ്രീംകോടതി അനുവദിച്ച ജാമ്യവും അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കി. ശിക്ഷ നാളെ വിധിക്കും.

പ്രതി കിരണ്‍ കുമാറും കോടതിയിലെത്തിയിരുന്നു.

വിസ്മയയുടെ മരണത്തിന് 11 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നാല് മാസത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്.

41 സാക്ഷികളും 16 തെളിവുകളുമാണ് കേസിലുണ്ടായിരുന്നത്.

വിധി പ്രസ്താവം കേള്‍ക്കാന്‍ വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ കോടതിയിലെത്തിയിരുന്നു.

വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണ്‍ കുമാറിനെതിരെ ആത്മഹത്യാ പ്രേരണ അടക്കം ഒമ്പതു വകുപ്പുകള്‍ ആണ് ചുമത്തിയിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, കേസില്‍ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ തെളിവുകളായിരുന്നു പുറത്തുവന്നത്. വിലകൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയോട് കിരണ്‍ കലഹിക്കുന്നതിന്റെ സംഭാഷണങ്ങളായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നായിരുന്നു ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു.

വിസ്മയയുടെ മരണത്തെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. വിചാരണക്കിടെ കിരണിന്റെ പിതാവ് സദാശിവന്‍പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോകളും വിസ്മയ വീട്ടുകാര്‍ക്ക് അയച്ചുനല്‍കിയിരുന്നു. ഈ തെളിവുകളും കേസില്‍ നിര്‍ണായകമായി.

Content Highlight: Kollam Vismaya Case court verdict says accused Kiran Kumar is guilty