സ്വന്തം കീശവീര്‍പ്പിക്കല്‍ മാത്രം ലക്ഷ്യമാക്കിയ നേതാക്കളെ തുടച്ചു നീക്കാതെ കേരളത്തില്‍ ബി.ജെ.പി ക്ലച്ച് പിടിക്കില്ല: കൊല്ലം തുളസി
Entertainment news
സ്വന്തം കീശവീര്‍പ്പിക്കല്‍ മാത്രം ലക്ഷ്യമാക്കിയ നേതാക്കളെ തുടച്ചു നീക്കാതെ കേരളത്തില്‍ ബി.ജെ.പി ക്ലച്ച് പിടിക്കില്ല: കൊല്ലം തുളസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th May 2023, 11:51 pm

കേരളത്തില്‍ ബി.ജെ.പി ക്ലച്ച് പിടിക്കില്ലെന്ന് നടന്‍ കൊല്ലം തുളസി. ക്ലച്ച് പിടിക്കണമെങ്കില്‍ സ്വന്തം കീശവീര്‍പ്പിക്കല്‍ മാത്രം ലക്ഷ്യമായിക്കാണുന്ന നേതാക്കളെ തുടച്ചുനീക്കണമെന്നും കൊല്ലം തുളസി പറഞ്ഞു. ദി പ്രൈം വിറ്റ്‌നസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്നും അതിന് ബി.ജെ.പി പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

‘ബി.ജെ.പി എനിക്ക് വിശ്വാസമുള്ളൊരു പാര്‍ട്ടിയായിരുന്നു. നരേന്ദ്രമോദിയുടെ കൈകളില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം മാത്രമേ ഇപ്പോള്‍ നാഥനായിട്ടുള്ളൂ. ഇവിടെ ബി.ജെ.പി ക്ലച്ച് പിടിക്കണമെങ്കില്‍ സ്വന്തം പോക്കറ്റ് വര്‍ധിപ്പിക്കണമെന്ന ആഗ്രഹം മാത്രമുള്ള കുറേ നേതാക്കളെ പാടെ തുടച്ചുമാറ്റണം. എന്നിട്ട് എന്നെ പോലുള്ളവരെ പ്രായം കണക്കിലെടുക്കാതെ നേതൃനിരയിലേക്ക് തിരിച്ച് കൊണ്ടുവരണം. അങ്ങനെയങ്കില്‍ അടുത്ത തവണയെങ്കിലും ഇവിടെ ബി.ജെ.പി ക്ലച്ച് പിടിക്കുമായിരിക്കും.

എന്റെ കാഴ്ചപ്പാടില്‍ അടുത്ത ഇലക്ഷനിലും ഇടതുപക്ഷം തന്നെ ഇവിടെ ഭരണത്തില്‍ വരും. ബി.ജെ.പിയുടെ പിന്തുണയോടെയായിരിക്കും അത്. പക്ഷെ ആ അഞ്ച് വര്‍ഷംകൊണ്ട് ഇടതുപക്ഷം തമ്മിലടിച്ച് നശിക്കും. കോണ്‍ഗ്രസും നശിക്കും. ഇതിന്റെ രണ്ടിനും ഇടയിലൂടെ ബി.ജെ.പി ഇവിടെ അധികാരത്തില്‍ വരും. അതാണ് എന്റെ വിശ്വാസം.

വളരെ ചെറിയ കാലം മാത്രമേ ഞാന്‍ ബി.ജെ.പിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. 14 നിയമസഭാ മണ്ഡലങ്ങളിലും നാല് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഞാന്‍ ഓടിനടന്ന് പ്രചാരണം നടത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് വേണ്ടി കവലകള്‍ തോറും പ്രസംഗിച്ച് ക്ഷീണിച്ച് അവശനായി ആശുപത്രിയില്‍ അഡ്മിറ്റായ ആളാണ് ഞാന്‍. ആ എന്നോട് ചുരുക്കം ചില ആളുകളല്ലാതെ ആരും ഒരു നന്ദിവാക്ക് പോലും പറഞ്ഞിട്ടില്ല.

മാത്രമല്ല ചെറിയൊരു നാക്കുപിഴവിന്റെ പേരില്‍ എന്നെ നിഷ്‌കരുണം ഒറ്റപ്പെടുത്തി. എന്നെ ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തിലെ നേതാക്കളുടെ പൊതുവിലുള്ളൊരു സ്വഭാവമാണ്. ആരെങ്കിലും വളര്‍ന്നുവരികയാണെങ്കില്‍ അവരെ തളര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കൈകൊള്ളുന്നത്. സുരേഷ്‌ഗോപി മാത്രമാണ് അതില്‍പെടാതെ രക്ഷപ്പെട്ടത്. അത് സുരേഷ്‌ഗോപിയുടെ ഭാഗ്യമാണ്. എനിക്ക് ആ ഭാഗ്യമുണ്ടായിട്ടില്ല,’ കൊല്ലം തുളസി പറഞ്ഞു.

content highlights: Kollam Tulsi says that BJP will not survive in Kerala