മലയാളികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് കൊല്ലം തുളസി. സുരേഷ് ഗോപിയും താനും ഒരുപാട് പടങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും തങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണെന്നും പറയുകയാണ് അദ്ദേഹം. ഒരു മാന്യനും പാവവുമായ സുരേഷ് ഗോപി ചില മണ്ടത്തരങ്ങളൊക്കെ പണ്ടും പറയാറുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സുരേഷ് ഗോപിയും ഞാനും ഒരുപാട് പടങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണ്. എനിക്ക് അയാളെ ഇഷ്ടവുമാണ്. ഇഷ്ടമാണെന്ന് പറയാന്‍ കാരണം അയാള്‍ ഒരു പാവമാണ്. ബേസിക്കലി ഒരു മാന്യനും പാവവുമാണ്. പിന്നെ ചില മണ്ടത്തരങ്ങളൊക്കെ പണ്ടും പറയാറുണ്ട്. രാഷ്ട്രീയത്തില്‍ വന്നതിന് ശേഷവും കുറച്ചൊക്കെ പറയാറുണ്ട്.
പക്ഷെ എന്റെയൊരു പ്രതീക്ഷ തെറ്റിപോയി. അദ്ദേഹം തൃശൂര്‍ ഇലക്ഷന് നില്‍ക്കുമ്പോള്‍ തൃശൂരിനെ ഞാനിങ്ങ് എടുക്കുകയാണെന്നാണ് പറഞ്ഞത്. അവിടെ തൃശൂരുകാര്‍ അദ്ദേഹത്തെ കൈവിട്ടു. രണ്ടാമത് സുരേഷ് ഗോപി വളരെ ആത്മാര്‍ത്ഥമായി തൃശൂരിനെ ഞാനിങ്ങ് എടുക്കുകയാണെന്ന് വീണ്ടും പറഞ്ഞു.
അവിടെ ഒരു പാര്‍ട്ടി സംവിധാനത്തിന് അതീതമായി അദ്ദേഹം പ്രവര്‍ത്തിച്ച് ജനങ്ങളുടെ കയ്യൊപ്പ് വാങ്ങി, പ്രത്യേകിച്ച് സ്ത്രീ ജനങ്ങളുടെ. അവര്‍ക്ക് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. സുരേഷ് ഗോപി ജയിക്കുമെന്നും അദ്ദേഹം ഒരു മന്ത്രിയാകുമെന്നും കേരളത്തിനും തൃശൂരുകാര്‍ക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് അവരൊക്കെ പ്രതീക്ഷിച്ചിരുന്നു.
സിനിമാ രംഗത്തുള്ള ഞങ്ങളും പ്രതീക്ഷിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തായ ഞാനും പ്രതീക്ഷിച്ചതാണ്. ഞാന്‍ അദ്ദേഹത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പ്രതികരിച്ചിരുന്നു. എന്നെ വിളിച്ചാല്‍ ഞാന്‍ വരാമെന്ന് പറഞ്ഞിരുന്നു. പക്ഷെ എന്നെ വിളിച്ചില്ല. അതുപോട്ടേ, എനിക്ക് അതില്‍ പരാതിയൊന്നും ഇല്ല.
പക്ഷെ ഇപ്പോള്‍ ഒരു മിസ്‌റ്റേക്ക് സംഭവിച്ചെന്ന് എനിക്ക് തോന്നുന്നു. കാരണം സുരേഷ് ഗോപി നമ്മളുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇത് എന്റെ തോന്നലാണ്. സുരേഷ് ഗോപി ഇപ്പോഴും സിനിമയിലെ നായകന്റെ ചിന്തയില്‍ നില്‍ക്കുകയാണ്.
രാഷ്ട്രീയം പുള്ളി അഭിനയിച്ചിട്ടേയുള്ളൂ. റിയാലിറ്റിയിലേക്ക് ഇറങ്ങിയത് ഇപ്പോഴാണ്. രണ്‍ജി പണിക്കറോ രഞ്ജിത്തോ അല്ലെങ്കില്‍ ശക്തന്‍മാരായ തിരക്കഥാകൃത്തുക്കളോ എഴുതിയ ഡയലോഗുകള്‍ കാണാതെ പഠിച്ച് അടിച്ചുവിട്ട് ആളുകളുടെ കയ്യടികള്‍ വാങ്ങി കൊണ്ടിരുന്ന ആളാണ്.
ഇയാള് മന്ത്രിയായി വന്നപ്പോള്‍ ഏതോ ക്യാമറാമാന്‍ അടുത്തുവന്ന് തൊട്ടപ്പോള്‍ പിടിച്ചു മാറ്റിയില്ലേ. സിനിമയിലെ കഥാപാത്രത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്. അവിടെയൊക്കെ നമ്മളുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ എന്തുകൊണ്ടോ സുരേഷ് ഗോപി കഴിഞ്ഞിട്ടില്ല,’ കൊല്ലം തുളസി പറഞ്ഞു.
Content Highlight: Kollam Thulasi Talks About Suresh Gopi