| Saturday, 22nd July 2023, 5:31 pm

ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: കൊല്ലം തുളസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ശക്തനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടൻ കൊല്ലം തുളസി. നിലവാരമില്ലാത്ത രാഷ്ട്രീയക്കാരെ നിയന്ത്രിക്കാൻ സ്വേച്ഛാധിപത്യമുള്ള മുഖ്യമന്ത്രിമാർ വേണമെന്നും മാധ്യമപ്രവർത്തകരെ നിലക്ക് നിർത്താൻ ധൈര്യമുള്ള ആളാണ് പിണറായി വിജയനെന്നും കൊല്ലം തുളസി പറഞ്ഞു. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്ത് എപ്പോഴും ഗൗരവമാണ്. അത് അദ്ദേഹം ചിരിക്കാത്തതുകൊണ്ടല്ല, അദ്ദേഹത്തിന്റെ പ്രകൃതം അങ്ങനെയാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. കാരണം അദ്ദേഹം ഒരു സ്വേച്ഛാധിപത്യ പ്രവണതയാണ് വരുത്തുന്നത്. നമ്മുടെ രാജ്യത്തിൻെറ ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് ഒരു സ്വേച്ഛാധിപതിയായ മന്ത്രിയെയാണ് ആവശ്യം.

ഇപ്പോഴുള്ള നിലവാരമില്ലാത്ത രാഷ്ട്രീയക്കാരെ നിയന്ത്രിക്കാൻ സ്വേച്ഛാധിപത്യമുള്ള മുഖ്യമന്ത്രി വേണം. അതുകൊണ്ട് ഞാൻ പറയും ഏറ്റവും ശക്തനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ആണെന്ന്,’ കൊല്ലം തുളസി പറഞ്ഞു.

ഒരു ഭരണാധികാരി എന്നനിലയിലല്ല തനിക്ക് പിണറായിയെ ഇഷ്ടമെന്നും പാർട്ടിക്കുള്ളിലെ ആളുകളെ ഒതുക്കി നിർത്താൻ കഴിവുള്ള ആളെന്ന നിലയിലാണ് അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുള്ളതെന്നും കൊല്ലം തുളസി പറഞ്ഞു.

‘പിണറായിയെ ഒരു ഭരണാധികാരി എന്ന നിലയിലല്ല എനിക്ക് ഇഷ്ടം. ഒരു സ്വേച്ഛാധിപത്യ പ്രവണതയോടുകൂടി പാർട്ടിക്കുള്ളിലെ ആളുകളെ അടിച്ചൊതുക്കി ഇരുത്താനും മാധ്യമപ്രവർത്തകരെ ‘ഗെറ്റൗട്ട്’ പറയാനും ചങ്കൂറ്റമുള്ള ഒരേയൊരു മുഖ്യമന്ത്രിയേ ഉണ്ടായിട്ടുള്ളൂ, അതാണ്‌ സഖാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ ആ ഭാവത്തെയാണ് ഞാൻ ബഹുമാനിക്കുന്നത്,’ കൊല്ലം തുളസി പറഞ്ഞു.

അഭിമുഖത്തിൽ താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. താൻ ഇപ്പോഴും ബി.ജെ.പിയിൽ തന്നെ തുടരുന്നുണ്ടെന്നും തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ ബി.ജെ.പിയിൽ തന്നെ തുടരുന്നു. എനിക്ക് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവൺമെന്റിന്റെ നേതാവായ നരേന്ദ്ര മോദിയെന്ന മഹാമനുഷ്യനെ നല്ല വിശ്വാസമുണ്ട്. അദ്ദേഹം, ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ലോകരാജ്യങ്ങൾക്കിടയിൽ വലിയ ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ആ ഇന്ത്യയിൽ ജനിക്കാൻ പറ്റിയതിൽ എനിക്ക് അഭിമാനമുണ്ട്,’ കൊല്ലം തുളസി പറഞ്ഞു.

Content Highlights: Kollam Thulasi about Pinarayi Vijayan

We use cookies to give you the best possible experience. Learn more