പ്രചരിക്കുന്നത് ഒപ്പോ സീലോ ഇല്ലാത്ത സര്‍ക്കുലര്‍; വിനോദയാത്രയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരവ് തള്ളി കൊല്ലം എസ്.എന്‍. കോളേജ് പ്രിന്‍സിപ്പാള്‍
Kerala News
പ്രചരിക്കുന്നത് ഒപ്പോ സീലോ ഇല്ലാത്ത സര്‍ക്കുലര്‍; വിനോദയാത്രയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരവ് തള്ളി കൊല്ലം എസ്.എന്‍. കോളേജ് പ്രിന്‍സിപ്പാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2023, 8:51 pm

കൊല്ലം: വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്. എന്‍ കോളേജിന്റേതെന്ന പേരില്‍ പ്രചരിച്ച സര്‍ക്കുലര്‍ തള്ളി പ്രിന്‍സിപ്പാള്‍ ഡോ.നിഷ. ജെ. തറയില്‍. ഇത്തരം ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും ഉറവിടം പരിശോധിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ സര്‍ക്കുലര്‍ ഇറക്കുന്നുണ്ടെങ്കില്‍ അത് ലെറ്റര്‍ പാഡിലായിരിക്കും. അതിനകത്ത് എന്റെ സൈന്‍ കാണും. സീല് കാണും. ഇങ്ങനെ ഒന്നും കാണാത്ത ഒരു പേപ്പര്‍ ആണ് ഇപ്പോള്‍ പ്രചരിക്കിന്നത്.

ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല,’ പ്രിന്‍സിപ്പാള്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ എസ്.എഫ്.ഐ എസ്.എന്‍ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. സര്‍ക്കുലറില്‍ പ്രതിഷേധിക്കുവെന്ന പ്രസ്തവാനയിറക്കുകയും കവാടത്തിന് മുകളില്‍ ബാനര്‍ സ്ഥാപിക്കുകയും ചെയ്തു. ബുധനാഴ്ച കോളേജില്‍ പ്രതിഷേധ സൂചകമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചോര്‍ന്ന് നൃത്തം ചെയ്യുകയും ചെയ്തു.

‘കോളേജ് ടൂറുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ പാലിക്കേണ്ടതായി പുറത്തിറങ്ങിയ നിയമാവലി പരിഷ്‌കൃത സമൂഹത്തിനോ വിദ്യാര്‍ത്ഥികള്‍ക്കോ ഒരു തരത്തിലും അംഗീകരിക്കാനാകാത്തതാണ്. വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും കാലഘട്ടത്തിന്റെ രാഷ്ട്രീയ ശരികളെ തകര്‍ക്കുകയും അതിലൂടെ കലാലയങ്ങളെ അക്കാദമിക് ഫാമുകളാക്കി മാറ്റാനുള്ള ഈ സാദാചാര സര്‍ക്കുലര്‍ കോളേജ് അധികൃതര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും,’ എന്നാണ് പ്രസ്താവനയിലുള്ളത്.

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊല്ലം എസ്.എന്‍ കോളേജിന്റേതെന്ന പേരില്‍ വിനോദയാത്രക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പ്രചരിച്ചത്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചുള്ള കോളേജ് ടൂറിലെ അധിക നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 നിര്‍ദേശങ്ങളാണ് ഇപ്രകാരം നല്‍കിയിരിക്കുന്നത്.

ബസിന്റെ മുന്‍ഭാഗത്തെ സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി റിസര്‍വ് ചെയ്തിട്ടുണ്ടാകുമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നുള്ള യാത്ര അനുവദിക്കില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഇരു വിഭാഗക്കാരും അടക്കവും ഒതുക്കവുമുള്ള വസ്ത്രമായിരിക്കണം ധരിക്കേണ്ടത്. പെണ്‍കുട്ടികള്‍ക്ക് യാത്രയില്‍ ഒറ്റക്ക് എവിടെയും പോകാന്‍ അനുവാദമില്ല. അധ്യാപികയുടെയോ, ടീം മാനേജറുടെയോ കൂടെ മാത്രമേ പെണ്‍കുട്ടികള്‍ സഞ്ചരിക്കാവൂ.

ഷോപ്പിങ്, സൈറ്റ് സീയിങ് മുതലായവക്ക് പെണ്‍കുട്ടികളെല്ലാം അധ്യാപികയോടൊപ്പം പ്രത്യേക ടീം ആയി തിരിയണമെന്നും നോട്ടീസിലുണ്ട്.

പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ പ്രത്യേക മുറികളൊരുക്കുകയും നിശ്ചിത സമയത്തിന് ശേഷം മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്യും. അത്യാവശ്യ ഘട്ടത്തില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ എമര്‍ജന്‍സി അലാറം, ഫോണ്‍ തുടങ്ങിയവ നല്‍കും. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം ചേര്‍ന്ന് ചിത്രമെടുക്കുന്നതിന് കുഴപ്പമില്ലെങ്കിലും ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും മാത്രമെടുക്കുന്ന ചിത്രങ്ങള്‍ക്ക് ടൂറില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ചും നോട്ടീസില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ധരിക്കരുത്, എളുപ്പത്തില്‍ നീങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരിക്കണം പെണ്‍കുട്ടികള്‍ ധരിക്കേണ്ടതെന്നും നോട്ടീസില്‍ കാണാം. ഹൈ ഹീലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്കോ ആണ്‍കുട്ടികള്‍ക്കോ യാത്രയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായാല്‍ പരാതിപ്പെടാതിരിക്കുന്ന പക്ഷം അവര്‍ തെറ്റായ പ്രവര്‍ത്തിക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും കര്‍ശനമായ നടപടികള്‍ ഇവര്‍ക്കെതിരെയുണ്ടാകുമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

content highlight: kollam s.n college principal denied circular about college tour