|

കൊല്ലം പൂരം വിവാദത്തിൽ; നവോത്ഥാന നായകന്മാരുടെ ചിത്രത്തിനൊപ്പം ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ പൂരത്തിനിടെ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതായി വിമർശനം. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിനിടെയായിരുന്നു ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയത്.

നവോത്ഥാന നായകന്മാരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് സംഭവം നടന്നിരിക്കുന്നത്. ശ്രീനാരായണ ഗുരു, ബി.ആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതിനോടൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയര്‍ത്തിയത്.

സംഭവത്തിൽ ഇതുവരെയും സംഘാടകർ ആരും തന്നെ പ്രതികരിച്ചിട്ടില്ല.

സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. വിശ്വാസികൾക്ക് ഇടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കാനുള്ള നീക്കമെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആര്‍.എസ്.എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.

Content Highlight: Kollam Pooram in controversy; RSS founder Hedgewar’s picture raised during Pooram

Video Stories