| Monday, 8th August 2016, 4:03 pm

ബൈക്ക് യാത്രക്കാരനെ വയര്‍ലെസ് കൊണ്ടടിച്ച സംഭവം; പോലീസുകാരനെതിരെ കേസ് എടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലത്ത് ഹെല്‍മറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. യാത്രക്കാരനായ സന്തോഷിനെ മര്‍ദിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ മാഷ് ദാസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 326 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പരുക്കേറ്റ യുവാവിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ആവശ്യപ്പെട്ടു. സംഭവം ഉണ്ടായി മൂന്നു ദിവസം പിന്നിട്ടിട്ടും കേസെടുക്കാത്തത് പൊലീസിന്റെ ഗുരുതര വീഴ്ചയാണെന്നും നാരായണക്കുറുപ്പ് പറഞ്ഞു.

ആളുകള്‍ക്ക് നേരെ മുന്നാം മുറ പ്രയോഗിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ ഉടനടി കേസെടുത്ത്് അന്വേഷണം ആരംഭിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ സന്തോഷിന്റെ പിതാവ് അറിയിച്ചിരുന്നു.

സംഭവത്തെതുടര്‍ന്ന്  സസ്‌പെന്‍ഷനിലായ മാഷ്ദാസിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കേസെടുക്കാനുളള തുടര്‍നടപടികള്‍ ഇതുവരെ ആരംഭിച്ചിരിന്നില്ല. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷിന്റെ സഹോദരങ്ങള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു  ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍.

We use cookies to give you the best possible experience. Learn more