പുറ്റിങ്ങല്‍ വെടിക്കെട്ടപകടം; ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം കടലാസിലൊതുങ്ങി
Daily News
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം; ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം കടലാസിലൊതുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2016, 8:55 pm

paravur
കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങിയില്ല. വെടിക്കെട്ട് ദുരന്തത്തിന്റെ കാരണങ്ങള്‍ തേടി അന്വേഷണ കമ്മീഷനെ നിയമിച്ചെങ്കിലും അന്വേഷണവിഷയങ്ങളില്‍ തീരുമാനമായില്ല.

ഉത്തരവ് പുറപ്പെടുവിച്ചതല്ലാതെ പിന്നീടാരും തിരിഞ്ഞുനോക്കിയില്ലെന്ന് ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായരും പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനുണ്ടായ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ 114 പേരാണ് കൊല്ലപ്പെട്ടത്. 350ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തിന്റെ കാരണങ്ങള്‍ തേടി ഏപ്രില്‍ 21ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായരെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനായി യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചു.

ആറുമാസത്തെ കാലവാധിയും നിശ്ചിയിച്ചു. ഉത്തരവിറങ്ങി നാലുമാസം കഴിഞ്ഞിട്ടും പരിഗണനാവിഷയങ്ങള്‍ പോലും തീരുമാനമായില്ല. ചുരുക്കത്തില്‍ പുറ്റിങ്ങള്‍ വെടിക്കെട്ട് ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ ഉത്തരവിലൊതുങ്ങി.

സര്‍ക്കാര്‍ ഉത്തരവ് കിട്ടിയതല്ലാതെ പിന്നീട് സര്‍ക്കാരില്‍ നിന്ന് യാതൊരു വിവരവുമില്ലെന്ന് ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായരും പറയുന്നു. ഓഫീസും സ്റ്റാഫും പരിഗണനാ വിഷയങ്ങളും നിശ്ചിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരു മറുപടിയുമില്ല. ഇദ്ദേഹത്തോടുള്ള ഇടതുസര്‍ക്കാരിന്റെ താല്‍പ്പര്യക്കുറവാണോ തുടര്‍നടപടികള്‍ നിലക്കാന്‍ കാരണമെന്നും സംശയമുണ്ട്.