| Monday, 14th October 2019, 8:37 am

കൊല്ലത്ത് മകന്‍ കൊന്ന് കുഴിച്ചുമൂടിയ സ്ത്രീ ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ജീവനോടെ കുഴിച്ചുമൂടിയെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: സ്വത്തിന്റെ പേരില്‍ മകന്‍ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലം ചെമ്മാമുക്ക് നീതി നഗര്‍ സ്വദേശി സാവിത്രിയമ്മ ക്രൂരമര്‍ദ്ദനത്തിനു ശേഷം ശ്വാസം മുട്ടിയാണു കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനാല്‍ സുനില്‍ അമ്മ സാവിത്രിയെ ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴുത്ത് ഞെരിച്ചുള്ള കൊലയ്ക്കും സാധ്യതയുള്ളതായി കരുതുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇതു വ്യക്തമാകൂ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുനിലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൂട്ടുപ്രതിയും ഓട്ടോ ഡ്രൈവറുമായ കുട്ടന്‍ ഒളിവിലാണ്. സുനിലിന്റെ മര്‍ദ്ദനത്തില്‍ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. നിലത്തിട്ടു ചവിട്ടിയപ്പോഴായിരിക്കാം വാരിയെല്ലുകള്‍ ഒടിഞ്ഞിരിക്കുകയെന്നാണു നിഗമനം.

തലയ്ക്കു പിന്നില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. ഇതു തല പിടിച്ചു ഭിത്തിയില്‍ അടിച്ചപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത സാവിത്രിയുടെ മൃതദേഹം സംസ്‌കരിച്ചു. റിമാന്‍ഡിലുള്ള സുനിലിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് കോടതിയെ സമീപിക്കും.

രണ്ടരലക്ഷം രൂപയ്ക്കു വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വത്തിന്റെ പേരില്‍ മകന്‍ അമ്മയെ ഉപദ്രവിക്കാറുള്ളതായി നാട്ടുകാരും പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്മയെ കാണാതായതോടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ അഞ്ചുമുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. ഇതിനു പിറകെ സുനിലും അമ്മയെ കാണാനില്ലെന്ന പരാതി നല്‍കി.

അമ്മ ഇടയ്ക്കിടെ ഇങ്ങനെ പോകാറുണ്ടെന്നും പിന്നീട് കുറച്ചുകഴിഞ്ഞ് വരുമെന്നും എന്നാല്‍ ഇത്തവണ വൈകുന്നുവെന്നുമായിരുന്നു പരാതി അന്വേഷിക്കുന്നതിനിടെ സുനില്‍ നല്‍കിയ മൊഴി. സുനില്‍ മറ്റൊരു കൊലക്കേസിലെ പ്രതിയാണ്. ആ കേസിലിപ്പോള്‍ വിചാരണ നേരിടുന്നുണ്ട്.

ഇതറിഞ്ഞതോടെയാണ് പൊലീസിന് സംശയം വന്നതും വീട്ടില്‍ച്ചെന്ന് പരിശോധന നടത്തിയതും. പരിശോധനയ്ക്കിടെ വീട്ടുമുറ്റത്തെ മണ്ണ് മാറിക്കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. അതോടെയാണു കൊലപാതകമാണെന്നു കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more