ഒച്ചവെച്ച് കരയുകയും കുതറിമാറാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അയാള്‍ തന്നെ വിട്ടില്ലെന്നും തനിക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു
കൊല്ലം; കൊല്ലം കടയ്ക്കലില്‍ 90 കാരിയെ ബലാത്സംഗം ചെയ്തു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വീടിനടുത്തുള്ളയാളാണ് പീഡിപ്പിച്ചതെന്ന് വൃദ്ധ പറഞ്ഞു.
കാന്‍സര്‍ രോഗികൂടിയായ ഇവര്‍ ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ 20 വര്‍ഷമായി വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. അഞ്ചു ദിവസം മുന്‍പാണ് സംഭവം നടക്കുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ വീടിന്റെ പുറകുവശത്തുള്ള വാതില്‍ തകര്‍ത്ത് അക്രമി അകത്തുകയറുകയായിരുന്നു.
ഒച്ചവെച്ച് കരയുകയും കുതറിമാറാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അയാള്‍ തന്നെ വിട്ടില്ലെന്നും തനിക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം പീഡനവിവരം പുറത്തറിയിക്കാനോ പരാതി നല്‍കാനോ ബന്ധുക്കള്‍ തയ്യാറായില്ലെന്ന ആരോപണവുമുണ്ട്. വൃദ്ധയ്ക്ക് വേണ്ട ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
പീഡനം നടന്ന വിവരം അപ്പോള്‍ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു. തന്റെ സ്വത്തുവകകള്‍ ബന്ധുക്കള്‍ ചേര്‍ന്നാണ് തട്ടിയെടുത്തതെന്നും ഇവര്‍ ആരോപിക്കുന്നു.
വിവരമറിഞ്ഞെത്തിയ പഞ്ചായംഗത്തം ദൈവത്തോട് പ്രാര്‍ത്ഥിക്കാനും ദൈവം നീതി തരുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ അങ്ങനെ സമാധാനിച്ചിരിക്കാന്‍ എനിക്ക് കഴിയില്ല. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്യണമെന്നും ഇവര്‍ പറയുന്നു.
അതേസമയം വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുന്‍മന്ത്രിയും സ്ഥലം എം.എല്‍.എയുമായ മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും കടയ്ക്കല്‍ പഞ്ചായത്തുപ്രസിഡന്റുമായി ബന്ധപ്പെട്ട് വേണ്ട നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കൊല്ലം റൂറല്‍ എസ്.പിയുടെ നിര്‍ദേശ പ്രകാരം പൊലീസെത്തി ഇന്ന് മൊഴി എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേ സമയം പീഡനവാര്‍ത്ത തെറ്റാണെന്നും വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായതായും കടയ്ക്കല്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയായ ബാബുവും വയോദ്ധികയും തമ്മില്‍ വഴിതര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പീഡന ആരോപണം ഉന്നയിച്ചതെന്നും ആരോപണമുണ്ട്. എന്നാല്‍ പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്.