അപേക്ഷ ഫോമിന് പകരം ആവശ്യപ്പെടൽ ഫോം മതി; മാറ്റവുമായി കൊല്ലം ജില്ലാ പഞ്ചായത്ത്
Kerala
അപേക്ഷ ഫോമിന് പകരം ആവശ്യപ്പെടൽ ഫോം മതി; മാറ്റവുമായി കൊല്ലം ജില്ലാ പഞ്ചായത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2024, 4:24 pm

കൊല്ലം: അപേക്ഷ ഫോമിന് പകരം ആവശ്യപ്പെടൽ ഫോം നൽകിയാൽ മതിയെന്നും കൊല്ലം ജില്ലാ പഞ്ചായത്ത്. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ഇപ്പോഴും സാധാരാണക്കാർ അപേക്ഷകരായാണ് ഉള്ളത്. ജനാധിപത്യ രാജ്യത്തിലെ ഈ വിവേചനം മാറ്റിക്കൊണ്ട് മാതൃകയായിരിക്കുകയാണ് കൊല്ലം ജില്ലാ പഞ്ചായത്ത്.

പൗരന്മാരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാൻ അപേക്ഷ നൽകേണ്ടെന്നും മറിച്ച് ആവശ്യപ്പെടൽ ഫോം നൽകിയാൽ മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ് കൊല്ലം ജില്ലാ പഞ്ചായത്ത്.

ഇനിമുതൽ അധികാരികളെ സമീപിക്കുമ്പോൾ അപേക്ഷ, അഭ്യർത്ഥന തുടങ്ങിയ പദങ്ങൾ ഉപയോഗിക്കേണ്ടതില്ലെന്നാണ് പഞ്ചായത്തിലെ തീരുമാനം. കഴിഞ്ഞ വർഷം മാപ്പപേക്ഷ നൽകേണ്ടതില്ലെന്ന ഉത്തരവ് സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ടെന്നെങ്കിലും അപേക്ഷ ഫോറത്തിന് മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലായിരുന്നു.

അപേക്ഷ കൊളോണിയൽ കാലഘട്ടത്തിലെ പ്രയോഗമാണെന്നും ജനാധിപത്യത്തിൽ ജനങ്ങൾ അപേക്ഷകരല്ലെന്നുമുള്ള ബോധ്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ ദി ഫോറത്തിനോട് പ്രതികരിച്ചു.

ഈ തീരുമാനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും പഞ്ചായത്ത് പ്രഡിഡന്റ് വ്യക്തമാക്കി.

അപേക്ഷയെന്നത് ഈ കാലഘട്ടത്തിലെ വാക്കല്ല. ജന്മിത്ത കാലഘട്ടത്തിലെയും കൊളോണിയൽ ഭരണകാലത്തെയും പദമാണ്. ആ കാലഘട്ടത്തിൽ ജനങ്ങൾ ഭരണാധികാരികളുടെ മുന്നിൽ അപേക്ഷകരായിരുന്നു. കാരണം ഭരണാധികാരികൾ പരമ്പരാഗതമായി നിശ്ചയിക്കപ്പെടുന്നവരാണ്. ജനങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തമില്ല. ജനങ്ങൾ പ്രജകളായിരുന്ന കാലഘട്ടത്തിന്റെ സംഭാവനയാണിത്.

എന്നാൽ ജനങ്ങൾ പൗരന്മാരായ ജനാധിപത്യത്തിന്റെ കാലത്ത് ജങ്ങളാണ് അധികാരികളെ നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളുടെ സേവകരാണ് അധികാരികൾ,’ അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടതും ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന 69 സർക്കാർ ഹൈ സ്കൂൾ, നാല് ജില്ലാതല ആശുപത്രികൾ, തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലും ഈ മാറ്റം കൊണ്ടുവരുന്നുണ്ട്.

Content Highlight: kollam jilla panchayath introduced demad paper instrad of application form