കൊല്ലം രാജ്യത്തെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതാ ജില്ല; നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയെന്ന് മുഖ്യമന്ത്രി
Kerala News
കൊല്ലം രാജ്യത്തെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതാ ജില്ല; നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th January 2023, 6:33 pm

 

കൊല്ലം: നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കൊല്ലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതാ ജില്ലയായി കൊല്ലം ജില്ലയെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിക്കാനും, മൂല്യങ്ങള്‍ തകര്‍ക്കാനുമുള്ള ശ്രമങ്ങളെ ഇല്ലാതാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണനിര്‍വ്വഹണം ഭരണഘടനയ്ക്ക് അനിരൂപകരണം ആകണം. അല്ലാത്ത പക്ഷം ഭരണഘടനയെ നശിപ്പിക്കാന്‍ കഴിയും. അത്തരം ശ്രമങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ജില്ലയിലെ 10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരണം നടത്തിയതോടെയാണ് കൊല്ലത്തിന്റെ ഈ നേട്ടം.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാവരെയും പങ്കാളികളാക്കികൊണ്ടാണ് നേട്ടം.

ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേര്‍ന്ന് ‘ദി സിറ്റിസണ്‍’ കാമ്പെയിനിലൂടെയാണ് സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത പദ്ധതി പൂര്‍ത്തീകരിച്ചത്.

ജില്ലയിലെ ഏഴ് ലക്ഷം കുടുംബങ്ങളിലെ 23 ലക്ഷം പൗരന്മാര്‍ക്കാണ് ഭരണഘടനാ സാക്ഷരത നല്‍കാന്‍ ലക്ഷ്യമിട്ടത്. 90 ശതമാനത്തിലധികം പേര്‍ക്കും ഭരണഘടനയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും ജില്ലയില്‍ പൂര്‍ത്തീകരിച്ചു.

‘ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന അവിഭാജ്യ മൂല്യങ്ങള്‍ മനസ്സിലാക്കാനും ഉയര്‍ത്തിപ്പിടിക്കാനും കഴിയുമെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണിത്,’ കില ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറും ഫാക്കല്‍റ്റിയുമായ വി. സസുദേശന്‍ പറഞ്ഞു.

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതാ പ്രഖ്യാപന ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തെന്ന നേട്ടവും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്തിനാണ് ലഭിച്ചത്.

Content Highlight: Kollam is India’s first Constitution literate district