കൊല്ലം: സുഹൃത്തിന്റെ വാഹനാപകട കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. പൊലീസ് സ്റ്റേഷന്‍ മാറി എത്തിയ യുവാവിനെ കഞ്ചാവാണെന്നും മുടി നീട്ടി വളര്‍ത്തിയെന്നും ആരോപിച്ചാണ് മര്‍ദ്ദിച്ചത്.
കൊല്ലം പുറത്താവിള പവൂംബയില്‍ അതുല്‍ദാസിനാണ് പൊലീസ് നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്.ഐ ബിജുവടങ്ങുന്ന പൊലീസുകാരാണ് അതുല്‍ ദാസിനെ മര്‍ദ്ദിച്ചത്.
ഫെബ്രുവരി 12 നാണ് അതുല്‍ ദാസ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. സ്റ്റേഷനില്‍ എത്തിയ അതുല്‍ ദാസിനോട് എസ്.ഐ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ കൈപ്പറ്റി എന്ന രസീറ്റ് തരികയാണെങ്കില്‍ ഫോണ്‍ തരാം എന്ന് അതുല്‍ ദാസ് മറുപടി കൊടുത്തു. ഇതില്‍ രോഷാകുലനായ എസ്.ഐയും സംഘവും സി.സി.ടി.വി ഇല്ലാത്ത ഭാഗത്തേക്ക് ബലമായി വലിച്ചുകൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് അതുല്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് അതുല്‍ ദാസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. സ്റ്റേഷനില്‍ ഒപ്പം എത്തിയ സുഹൃത്ത് ആസിഫിന്റെ മുന്നിലിട്ടാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് അതുല്‍ പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയാണ് അതുല്‍ ദാസിനെ ജാമ്യത്തിലിറക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്ത് കേസിനാണ് തന്നെ മര്‍ദ്ദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ കേസ് ഞങ്ങള്‍ ഉണ്ടാക്കിക്കോളാം എന്നാണ് പൊലീസ് പറഞ്ഞതെന്നും അതുല്‍ ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് അതുല്‍ ദാസ് പറയുന്നതിങ്ങനെ,
” എന്റെ സുഹൃത്ത് ശ്രീഹരി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്ന് പറഞ്ഞു. സ്റ്റേഷനില്‍ ചെന്ന് ഞാന്‍ കാര്യം തിരക്കി. പക്ഷെ കിളികൊല്ലൂര്‍ സ്റ്റേഷനിലായിരുന്നു സുഹൃത്ത് വരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ നിന്റെ മുടിയൊന്നും കണ്ടിട്ട് ആളു ശരിയല്ലല്ലോ, ഫോണ്‍ തരണം എന്ന് പൊലീസ് ആവശ്യപ്പെട്ടു. ഫോണ്‍ തരാം രസീത് തരണമെന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ പെട്ടന്ന് ദേഷ്യം വന്ന എസ്.ഐ കുത്തിന് പിടിച്ച് അകത്തേക്ക് വലിച്ച് കൊണ്ടു പോയി. എസ്.ഐയുടെയും എ.എസ്.ഐയുടെയും റൂമിന്റെ ഇടയില്‍ കയറ്റി നിര്‍ത്തി എസ്.ഐയും കുറേ പൊലീസുകാരും ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
മര്‍ദ്ദനത്തിനിടയില്‍ ഞാന്‍ ചെയ്ത തെറ്റെന്താണ് എന്ന് ചോദിച്ചപ്പോള്‍ തെറ്റ് ഞങ്ങള്‍ ഉണ്ടാക്കിക്കോളാം എന്നാണ് പറഞ്ഞത്. എന്റെ ഫോണ്‍ പിടിച്ച് വാങ്ങി, എന്റെ ഷൂ വരെ ഊരി വാങ്ങി. 6.30 ന് സ്റ്റേഷനില്‍ ചെന്ന എന്നെ രാത്രി 10 മണി വരെ പിടിച്ചിരുത്തി. എന്റെ അമ്മ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. 10 മണിക്ക് അമ്മ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ഇവരെന്നെ വിടുന്നത്,” അതുല്‍ ദാസ് ധൂള്‍ ന്യൂസിനോട് പറഞ്ഞു.
അതുല്‍ ദാസിന്റെ സുഹൃത്ത് ശ്രീഹരിയുടെ വാഹനമിടിച്ച കേസുമായി ബന്ധപ്പെട്ടാണ് അതുല്‍ദാസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. എന്നാല്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നില്ല ഈ കേസ്. കൊല്ലം ഈസ്റ്റ് പരിധിയിലുള്ള കിളികൊല്ലൂര്‍ സ്റ്റേഷനിലായിരുന്നു സുഹൃത്തിന്റെ കേസ്. എന്നാല്‍ ഇതു പോലും അന്വേഷിക്കാതെയാണ് എസ്.ഐ ബിജു അതുല്‍ ദാസിനെ മര്‍ദ്ദിച്ചത്.
നിന്നെ കണ്ടാല്‍ കഞ്ചാവ് ആണെന്ന് തോന്നുന്നല്ലോ എന്നു ചോദിച്ച എസ്.ഐ ബിജു അതുലിനോട് ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു.
ഫെബ്രുവരി 15 നാണ് അതുല്‍ ദാസ് ഡി.ജി.പിക്ക് പരാതി നല്‍കുന്നത്. അതുലിന്റെ പരാതി അന്വേഷിക്കാന്‍ കൊല്ലം എ.സി.പിയെ ചുമതലപ്പെടത്തിയതായി ജില്ലാ പൊലീസ് മന്ത്രാലയം അറിയിച്ചു.
പിന്നീട് സുഹൃത്തുക്കളെത്തിയപ്പോള്‍ പ്രശ്‌നമാവും എന്ന് പൊലീസിന് തോന്നിയപ്പോള്‍ സെക്ഷന്‍ 118എ തന്റെ മേലില്‍ ചുമത്തിയെന്നും അതുല്‍ ദാസ് പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തെക്കുറിച്ച് അതുല്‍ ദാസിനെ മര്‍ദിക്കുന്നതിന് സാക്ഷിയായ സുഹൃത്ത് ആഷിഫ് പറയുന്നതിങ്ങനെ,
“സുഹൃത്ത് ചെല്ലാന്‍ പറഞ്ഞ സ്റ്റേഷനില്‍ അല്ല ഞങ്ങള്‍ പോയത്, സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ എസ്.ഐ ഫോണാവശ്യപ്പെട്ടു. അതുല്‍ദാസ് തെളിവിനായി രസീത് ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐ അതുലിന്റെ കുത്തിന് പിടിച്ചു അകത്തേക്ക് കൊണ്ടു പോയി നെഞ്ചത്ത് ഒരു ഇടി ഇടിച്ചു. ഒപ്പം എന്നെയും ചീത്ത വിളിച്ചു. തുടര്‍ന്ന് അവനെ എസ്.ഐയും സംഘവും മര്‍ദ്ദിച്ചു. വീട്ടില്‍ നിന്ന് ആളെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ആശുപത്രിയിലുള്ള അതുലിന്റെ അമ്മ എത്തിയ ശേഷം മാത്രമാണ് അതുലിനെ വിട്ടയച്ചത്,” ആഷിഫ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു