| Friday, 17th April 2020, 8:48 pm

ഒ.പി ടിക്കറ്റ് ഉപയോഗിച്ച് കറങ്ങി നടക്കേണ്ട; രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ബന്ധുക്കളുടെ ഒ.പി ടിക്കറ്റ് ഉപയോഗിച്ച് ലോക്ഡൗണ്‍ കാലത്ത് കറങ്ങി നടന്നാല്‍ പൊലീസ് നടപടി സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ കളക്ടര്‍. ഒ.പി ടിക്കറ്റില്‍ ആശുപത്രിയില്‍ എത്തിയ സമയവും മരുന്ന് വാങ്ങിയ സമയവും രേഖപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അറിയിച്ചു.

പഴയ ഒ.പി ടിക്കറ്റും ബന്ധുക്കളുടെ ഒ.പി ടിക്കറ്റും ഉപയോഗിച്ച് റോഡ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ വ്യാജരേഖകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നത്.

10 പേര്‍ക്ക് രോഗം ഭേദമായി. നിരീക്ഷണത്തില്‍ നിന്ന് ഇന്ന് 10000 ത്തോളം പേരെ ഒഴിവാക്കി

കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്.

255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more