| Thursday, 7th November 2024, 2:26 pm

കൊല്ലം കളക്ട്രേറ്റ് സ്‌ഫോടന കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം കളക്ട്രേറ്റ് സ്‌ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് ജീവപര്യന്തത്തിന് വിധിച്ചത്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

നാലാം പ്രതിയായ ഷംസുദ്ദീനെ കോടതി വെറുതെ വിട്ടിരുന്നു. ഇയാള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇയാളെ വെറുതെ വിട്ടത്. എട്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

2016 ജൂണ്‍ 15നാണ് മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പില്‍ ബോംബുവെച്ച് സ്‌ഫോടനം നടത്തുന്നത്. നിരോധിത സംഘടനയായ ബേസ്മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരാണ് മധുര സ്വദേശികളായ ശിക്ഷിക്കപ്പെട്ട പ്രതികള്‍.

അധികം പ്രഹര ശേഷിയില്ലാത്ത ബോംബാണ് മധുര സ്വദേശികളായ പ്രതികള്‍ സ്ഥാപിച്ചത്. ചോറ്റുപാത്രത്തില്‍ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. നാലാം പ്രതിയെ വെറുതെ വിടുകയും അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ കോടതി മാപ്പുസാക്ഷി ആക്കുകയും ചെയ്തിരുന്നു.

Content Highlight: Kollam Collectorate blast case: Three accused get life imprisonment

Latest Stories

We use cookies to give you the best possible experience. Learn more