|

എന്തും കാണിക്കാനുള്ള വേദിയാണെന്ന് കരുതരുത്; ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ കൂകി വിളിച്ച ബി.ജെ.പിക്കാരോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം; കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ സംസാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരോട് അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുതെ ശബ്ദമുണ്ടാക്കരുതെന്നും ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ വേദിയില്‍ നിന്നും കൂകി വിളിയും ശബ്ദവും ഉണ്ടായപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. “ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് നല്ലത് കേട്ടോ. എന്തും കാണിക്കാമെന്ന വേദിയാണെന്ന് ആരും കരുതരുത്” പിണറായി പറഞ്ഞു.
പ്രധാനമന്ത്രി മോദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.

എല്‍.ഡി.എഫ് അധികാരത്തിലേറിയ ഘട്ടത്തില്‍ ഞങ്ങള്‍ പ്രധാനമന്ത്രിയെ കാണാന്‍ചെന്നിരുന്നു. കേരളത്തില്‍ പലതും ശരിയായി നടപ്പാക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഉദാഹരണം ചോദിച്ചപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ എന്ന് പറഞ്ഞു. ശരിയായിരുന്നു. ഗെയില്‍പൈപ്പ് ലൈന്‍വല്ലാതെ മുടങ്ങിക്കിടക്കുകയായിരുന്നു. അടുത്തതവണ കാണുമ്പോള്‍ അതില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പിക്കാം എന്ന് പറഞ്ഞു.

ഇപ്പോള്‍ ഞങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു. കേരളം അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നു. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാകുന്നു. ഇതുപോലെ ഒട്ടേറെ പദ്ധതികള്‍. ദേശീയ പാതാ വികസനം, ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്ന ബൈപ്പാസുപോലുള്ള കാര്യങ്ങള്‍. ഇതെല്ലാം നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതികളാണെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് നടപ്പിലാക്കുന്നത്.

നമ്മുടെ സംസ്ഥാനത്തിന്റെ വികസനം നമുക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. യാത്രാക്കുരുക്കുകളില്‍ നിന്നും മോചനം വേണമെങ്കില്‍ റോഡിന് സൗകര്യം വര്‍ദ്ധിക്കണം. ഇക്കാര്യത്തില്‍ അങ്ങയേറ്റം മുന്‍ഗണന കൊടുത്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നാഷണല്‍ ഹൈവേയുടെ വികസനം മാത്രമല്ല. രണ്ട്ഭാഗത്ത് രണ്ട് റോഡ്. ഒന്ന് മലയോര ഹൈവേ മറ്റൊന്ന് തീരദേശ ഹൈവേ അതിനുള്ള പണം സംസ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. ഇതോടൊപ്പം തന്നെ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത. 2020 ആകുമ്പോഴേക്ക് ജലപാത പൂര്‍ണതിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്നേപൂര്‍വം പ്രധാനമന്ത്രി കുറ്റപ്പെടുത്തിയ കാര്യം ഇന്ന് തീര്‍ത്തും മാറ്റിമറിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്ന് അഭിഭാനത്തോടെ പറയാം. കേരളം ഒറ്റക്കെട്ടായി നിന്നു. ഒന്നായി നീങ്ങി. എല്ലാവരും കൂടി ഈ നേട്ടം കൈവരിക്കാന്‍ ഒന്നിച്ചുനീങ്ങി. നാടിനേയും ജനങ്ങളേയും അഭിവാദ്യം ചെയ്ത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണവും പിന്തുണയും ഉണ്ടാകണം. കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിക്കാന്‍ എത്തിയ പ്രധാനമന്ത്രിയെ കേരളത്തിന് വേണ്ടി സ്വാഗതം ചെയ്ത് അവസാനിപ്പിക്കുന്നു. പ്രസംഗത്തില്‍ പിണറായി പറഞ്ഞു.

Latest Stories