| Tuesday, 15th January 2019, 10:06 am

കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ നിന്ന് മേയറേയും എം.എല്‍.എമാരേയും ഒഴിവാക്കിയതില്‍ പ്രതിഷേധം; ഒ. രാജഗോപാലിനും സുരേഷ് ഗോപിക്കും വി. മുരളീധരനും ഇരിപ്പിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ നിന്നും എം.എല്‍.എമാരേയും മേയറേയും ഒഴിവാക്കിയതില്‍ പ്രതിഷേധം.

എം.നൗഷാദിനെയും വിജയന്‍ പിള്ളയെയും കൊല്ലം മേയര്‍ വി.രാജേന്ദ്രബാബുവിനും വേദിയില്‍ നിന്ന് ഒഴിവാക്കി. അതേസമയം ബി.ജെ.പിയുടെ എം.എല്‍.എയായ ഒ.രാജഗോപാലിനും രാജ്യസഭാംഗങ്ങളായ വി.മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ ഇരിപ്പിടവും നല്‍കി.

ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, ജി.സുധാകരന്‍, കെ.രാജു, എം.പിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കെ.സോമപ്രസാദ് എന്നിവരും ഉദ്ഘാടന വേദിയിലുണ്ടാകും.


ബുലന്ദ്ശഹറില്‍ ഗോവധത്തിന് പിടിയിലായവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു; പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയവര്‍ക്ക് തലോടല്‍


ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്. കൊല്ലം എം.എല്‍.എ എം.മുകേഷിന് മാത്രമാണ് വേദിയില്‍ ഇടം അനുവദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നാണ് കേരളത്തിലെത്തുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

വൈകിട്ടു 4നു തിരുവനന്തപുരത്തു വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെനിന്നു ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു തിരിക്കും. 4.50ന് ആശ്രാമം മൈതാനത്തെ ചടങ്ങില്‍ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങിന് അധ്യക്ഷത വഹിക്കുന്നത്. ഗവര്‍ണര്‍ പി.സദാശിവം, മന്ത്രി ജി.സുധാകരന്‍ എന്നിവരും പങ്കെടുക്കും.

മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണു ബൈപാസ്. 1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ എന്‍ഡിഎ മഹാസംഗമത്തില്‍ മോദി പ്രസംഗിക്കുന്നുണ്ട്. ആശ്രമം മൈതാനത്തെ ഹെലിപാഡില്‍നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി രാത്രി 7നു തലസ്ഥാനത്തെത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍നിന്നു ദല്‍ഹിയിലേക്കു മടങ്ങും.

We use cookies to give you the best possible experience. Learn more