| Tuesday, 1st June 2021, 10:09 am

ടോള്‍ പിരിക്കാന്‍ കമ്പനിയെത്തി; കൊല്ലത്ത് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ; സംഘര്‍ഷാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ ടോള്‍ പിരിക്കാനായി കമ്പനി എത്തിയതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി എത്തിയത്.

തേങ്ങയുടച്ച് ടോള്‍ പിരിവ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ കമ്പനി തുടങ്ങി. ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതല്‍ ടോള്‍ പിരിച്ച് തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ഥലത്ത് എത്തിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയതോടെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ചര്‍ച്ച നടത്തിയ ശേഷം നാളെ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ ജനുവരിയില്‍ ടോള്‍ പിരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് ജനുവരി 16ന് ടോള്‍ പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് പിരിവ് മാറ്റുകയായിരുന്നു.

നേരത്തെ ഫെബ്രുവരി മാസത്തിലും ടോള്‍ പിരിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ടോള്‍ പിരിക്കാനുള്ള നീക്കം പൊലീസ് തടയുകയായിരുന്നു. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെയാണ് ടോള്‍ പിരിക്കുന്നതെന്ന് കാണിച്ചാണ് പൊലീസ് പിരിവ് തടഞ്ഞത്. ടോള്‍ പിരിക്കാനുള്ള തീരുമാനം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിരുന്നില്ല.

വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ കമ്പനി അറിയിച്ചത്. തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞത്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കത്തയച്ചിരുന്നു.

ഒരു ദിശയിലേക്കുള്ള യാത്ര, ഇരുവശത്തേക്കുമുള്ള യാത്ര, ഒരു മാസത്തെ യാത്ര, കൊല്ലത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ എന്നിങ്ങനെ പ്രത്യേകം നിരക്കായിരുന്നു ടോളിനായി കമ്പനി നിശ്ചയിച്ചത്.

352 കോടി രൂപ ചെലവഴിച്ചാണ് കൊല്ലം ബൈപാസ് നിര്‍മിച്ചത്. ഇതില്‍ പകുതിത്തുകവീതം കേന്ദ്രവും സംസ്ഥാനവുമാണ് വഹിച്ചത്. ടോള്‍ പിരിവിലൂടെ പ്രതിവര്‍ഷം 11.52 കോടി രൂപ ദേശീയപാത അതോറിറ്റിക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kollam bypass Company arrives to collect toll; DYFI protests in Kollam

Latest Stories

We use cookies to give you the best possible experience. Learn more