| Wednesday, 21st April 2021, 1:07 pm

ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തു; കുരിശും ചെരുപ്പും കണ്ടെത്തി; ഷാജിയുടെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഞ്ചല്‍: കൊല്ലം ഭാരതീപുരത്ത് രണ്ടര വര്‍ഷം മുമ്പ് കുടുംബവഴക്കിനിടെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി.

ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ എല്ലിന്‍ കഷണങ്ങള്‍ പൊലീസിന് ലഭിച്ചു. കൂടാതെ അവശിഷ്ടത്തിനൊപ്പം ചെരുപ്പും കുരിശും കിട്ടിയിട്ടുണ്ട്.

പ്രതികളായ സഹോദരന്‍ സജി പീറ്ററിനെയും അമ്മ പൊന്നമ്മയെയും മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കുടുംബ വഴക്കിനിടെ അമ്മയും സഹോദരനും ചേര്‍ന്ന് ഷാജി പീറ്ററിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വീടിന്റെ കുത്തനെയുള്ള ഭാഗത്താണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരന്‍ സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലായിരുന്നു. ഇരുവരും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്.

2018ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വഴക്കിനിടെ സജിന്‍ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ് ഷാജി നിലത്തുവീണു. തുടര്‍ന്ന് സജിനും അമ്മ പൊന്നമ്മയും ചേര്‍ന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു.

നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവില്‍ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്.

നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ പൊലീസ് ഇയാളെ അന്വേഷിച്ചിരുന്നു. എന്നാല്‍ ഷാജി വീട്ടില്‍ എത്താറില്ലെന്നായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടാവുകയും വഴക്കിനിടെ കൊലപാതകവിവരവും പരാമര്‍ശിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന്‌പൊന്നമ്മയില്‍ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു.

ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡി.വൈ.എസ്.പി ഓഫീസിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പത്തനംതിട്ട-പുനലൂര്‍ ഡിവൈ.എസ്.പി.മാര്‍ അന്വേഷണം നടത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kollam Bharatipuram shaji dead body excavation begins

We use cookies to give you the best possible experience. Learn more