കൊല്ലം: കപ്പലണ്ടിയില്‍ എരിവില്ലാത്തതിനെച്ചൊല്ലി കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
പള്ളിത്തോട്ടത്ത് നിന്ന് കാറില്‍ ബീച്ചില്‍ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പുരുഷന്‍മാരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വഴിയോര കച്ചവടം നടത്തുന്ന വൃദ്ധനില്‍ നിന്ന് ഇയാള്‍ കപ്പലണ്ടി വാങ്ങി. കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ കൊടുത്തു. എന്നാല്‍ കൊവിഡ് കാലമാണെന്നും കപ്പലണ്ടി തിരിച്ചുവാങ്ങിക്കാന്‍ സാധിക്കില്ലെന്നും കച്ചവടക്കാരന്‍ പറഞ്ഞു.
ഇതില്‍ പ്രകോപിതനായ യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിയുകയും തുടര്‍ന്ന് കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.
സംഭവത്തില്‍ നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഇതിനിടയില്‍ ഒരാള്‍ യുവാവിനെ ആക്രമിക്കുകയും ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസെത്തിയ ശേഷമാണ് സംഘര്‍ഷം നിയന്ത്രിക്കാനായത്.
പൊതുസ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനാല്‍ സ്വമേധയാ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kollam beach street vendor and family clash