പ്രതീകാത്മക ചിത്രം
കൊല്ലം: അരിനല്ലൂര്‍ അരീക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നൃത്തം ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ഇറക്കിവിട്ടതായി പരാതി. ശാസ്താംകോട്ടയിലെ റെലഗന്റ് സ്‌കൂള്‍ ഓഫ് ഡാന്‍സിലെ പത്തോളം പെണ്‍കുട്ടികളെയാണ് പരിപാടിയുടെ സമയെത്തചൊല്ലി അമ്പലകമ്മിറ്റിയംഗങ്ങള്‍ വേദിയില്‍ നിന്നും ഇറക്കിവിട്ടത്.
ജാതീയപരമായ പ്രശ്‌നത്തെത്തുടര്‍ന്നാണ് തങ്ങളെ പരിപാടിക്കിടെ കമ്മിറ്റിക്കാര്‍ ഇറക്കിവിട്ടതെന്ന് അധിക്ഷേപത്തിനിരയായ അഖില ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഉത്സവത്തിന്റെ ഭാഗമായി രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയവതരിപ്പാക്കാനാണ് ക്ഷേത്രകമ്മിറ്റിയുമായി ധാരണയുണ്ടായിരുന്നതെന്നും എന്നാല്‍ തങ്ങള്‍ക്കും നാടകക്കാര്‍ക്കും ഒരേ സമയമായിരുന്നു കമ്മിറ്റി അനുവദിച്ച് തന്നിരുന്നതെന്നും പറഞ്ഞ വിദ്യാര്‍ത്ഥിനി തങ്ങള്‍ നേരത്തെ എത്തിയെങ്കിലും പരിപാടി തുടങ്ങാന്‍ വൈകുകയായിരുന്നെന്നും വ്യക്തമാക്കി.
നാലു നൃത്തങ്ങള്‍ കഴിഞ്ഞയുടന്‍ വേദിയിലെത്തിയ കമ്മിറ്റക്കാര്‍ പരിപാടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും തങ്ങളെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തെന്നും അഖില ആരോപിക്കുന്നു. നൃത്തത്തിന്റെ ഭാഗമായിട്ടുള്ള വസ്തുക്കള്‍ വലിച്ചെറിയുമെന്ന് പറഞ്ഞതായും നൃത്ത അധ്യാപികയെ അപമാനിച്ചുവെന്നും പറഞ്ഞ വിദ്യാര്‍ത്ഥിനി കമ്മിറ്റിക്കാര്‍ മദ്യപിച്ചിരുന്നതായും ആരോപിച്ചു.
കുട്ടികളെ അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളും വിഷയത്തില്‍ ഇടപെട്ടതോടെ വാക്കുതര്‍ക്കത്തിനും കാരണമായി വിഷയത്തില്‍ ഇടപെട്ട രക്ഷിതാക്കളെയും കമ്മറ്റിയംഗങ്ങള്‍ അധിക്ഷേപിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നാടകം തുടങ്ങുന്നതിന് സമയമായി എന്ന കാരണം കൊണ്ട് നൃത്തം അവസാനിപ്പിക്കണം എന്നതായിരുന്നു കമ്മിറ്റിക്കാരുടെ വാദം.
കുട്ടികകള്‍ വേദിയില്‍ തന്നെ നിന്ന് പ്രതിഷേധിച്ചെങ്കിലും നൃത്തം തുടരാന്‍ കമ്മിറ്റിക്കാര്‍ അനുവദിച്ചിരുന്നില്ല. കുറേ നാളുകളായി ക്ഷേത്രഭരണാധികാരികളില്‍ ചിലര്‍ക്ക് ജാതീയ അധിക്ഷേപം കൂടുതലാണെന്നും സംഭവസമയത്ത് തെക്കുഭാഗം പോലീസിന്റെ സഹായം തേടിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നും കുട്ടികളും രക്ഷിതാക്കളും പറയുന്നു.