കൊച്ചി: പൊതുവെ റഫ് ഇമേജാണ് മമ്മൂട്ടിയ്ക്കുള്ളത്. എന്നാല്‍ താരത്തിനുള്ളിലെ നല്ല മനസിനെ തുറന്നു കാണിക്കുകയാണ് നടനും സംവിധായകനുമായ കൊല്ലം അജിത്. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ താരം മമ്മൂട്ടി ആരാധകര്‍ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമായാണ് കുറിപ്പെഴുതിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു അജിത് തന്റെ അനുഭവം പങ്കു വെച്ചത്.
അജിതിന്റെ കുറിപ്പ്
ലക്ഷകണക്കിനുവരുന്ന മമ്മൂക്ക ആരാധകര്‍ക്ക് എന്റെ പെരുനാള് സമ്മാനം.
1984 ലാണ് ഞാന്‍ മമ്മുക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രം “ഈ ലോകം ഇവിടെ കുറെ മനുഷ്വര്‍””. 50 ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി. എന്റെ 35 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനര്‍ഘനിമിഷങ്ങള്‍ !
അതിലേറ്റവും പ്രധാനമായ ഒരു അനുഭവം ആരാധകര്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ സമ്മാനിക്കുന്നു ……
ഫാസില്‍ സാറിന്റെ “”പൂവിനു പുതിയ പൂന്തെന്നല്‍”” എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ എന്നെ കണ്ട ആ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ ഇന്നത്തെ വലിയ സംവിധായകന് സിദ്ദിഖ് പറഞ്ഞു, മമ്മൂക്ക അജിത്തിനെ കുറിച്ച വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത്. അത് കേട്ട എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു . എന്നാല്‍ അതേ സെറ്റില്‍ എന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ടായി ……
കഥയില്‍, മമ്മൂക്കയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു എന്റെ വേഷം. പിന്തുടര്ന്ന് വരുന്ന മമ്മൂക്ക പട്ടണത്തിലെ നടു റോഡിലിട്ടു എന്നെ തല്ലുന്നു.
ആ വേഷം ചെയ്യാന്‍ അതിരാവിലെ എഴുന്നേറ്റ് റെഡി ആയ ഞാന്‍ കേള്‍ക്കുന്നത് ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മൂക്ക പറഞ്ഞതായിട്ടാണ്. ഇത് കേട്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കണ്ണുകള്‍ നിറഞ്ഞു. ഈ വിവരം പറഞ്ഞത് മണിയന് പിള്ള രാജു ആണ്.
രാത്രി ഏതാണ്ട് പന്ത്രണ്ടു മണി സമയം. അഞ്ചു ചിത്രങ്ങളില്‍ ഒരേ സമയം നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മൂക്ക കൊച്ചിന് ഹനീഫയോടൊപ്പം യാത്ര ചെയ്ത് കുറച്ച് കഴിഞ്ഞപ്പോള്‍ ഹനീഫയ്ക്ക എന്റെ വിഷമം മമ്മൂക്കയെ അറിയിച്ചു. അത് കേട്ടതും പെട്ടെന്ന് മമ്മൂക്ക വണ്ടി തിരിച്ചു ഉദയ സ്റ്റുഡിയോയിലേക്ക് വിട്ടു.
അര്‍ദ്ധമയക്കത്തിലായിരുന്ന ഞാന്‍ മമ്മൂക്കയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത്. കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാന്‍ ഞെട്ടി. എന്നോടായി മമ്മൂക്ക “”ഞാന്‍ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന് പറഞ്ഞത്. നിനക്ക് അഭിനയിക്കാന്‍ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്. ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താല്‍ ജീവിതകാലം മുഴുവന്‍ സിനിമയില്‍ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത് “”…. ഓര്‍ക്കുമ്പോള്‍ എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്. അതില്‍ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല..,,
മലയാളത്തിലെ വലിയ സംവിധായകന് ജോഷി സാറിനെ സ്വന്തം കാറില്‍ കൊണ്ടുപോയാണ് മമ്മൂക്ക എനിക്ക് പരിചയപെടുത്തിത്തന്നത്. തുടര്‍ന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. ഇതാണ് മമ്മൂക്കയുടെ മനസ്സ്.
അടുത്തറിയുന്നവര്‍ക്ക് മാത്രമേ അതിന്റെ വില അറിയൂ..
കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്…..
അങ്ങനെയുള്ളവരെ പലരെയും മമ്മൂക്ക സിനിമയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഈ സത്യം തുറന്ന് പറയാന്‍ മടിക്കുന്നവരാണ് പലരും. സംവിധായകന്, ക്യാമറാമാന് തുടങ്ങി ആ നിര അങ്ങനെ നീണ്ടു കിടക്കുന്നു.
വെളിപ്പെടുത്താന്‍ ഇഷ്ടപെടാത്ത ഒരുപാട് സല്‍കര്‍മങ്ങള്‍ ചെയ്യുന്ന ഒരു വലിയ മനുഷ്യന്‍കൂടിയാണ് മമ്മൂക്ക….
എത്ര എഴുതിയാലും തീരില്ല ആ വലിയ നടനെ കുറിച്ച്. എന്റെ ഈ ഒരു അനുഭവം ഞാന്‍ മമ്മൂക്കയുടെ ആരാധകരുമായി പങ്കു വെക്കാന്‍ ഈ പെരുന്നാള്‍ ദിനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു
മമ്മൂക്കയ്ക്കും കുടുംബാംഗങ്ങള്‍ക്കും ആയുസ്സും ആരോഗ്യവും ഞാന്‍ നേരുന്നു …
എല്ലാ ആരാധകര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു….
അജിത് കൊല്ലം