| Saturday, 19th May 2018, 11:48 pm

അവസാനപോരില്‍ വീണ് ഹൈദരാബാദ്; കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: പോയന്റ് ടേബിളിലെ ആദ്യ സ്ഥാനക്കാര്‍ക്ക് അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അഞ്ച് വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ട് പന്ത് ശേഷിക്കെ മറികടന്നു. വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു.

കൊല്‍ക്കത്തയ്ക്കായി 55 റണ്‍സെടുത്ത ക്രിസ് ലിനും 29 റണ്‍സെടുത്ത സുനില്‍ നരെയ്‌നും മികച്ച തുടക്കമാണ് നല്‍കിയത്. പിന്നാലെയെത്തിയ ഉത്തപ്പയും ലിനും കൊല്‍ക്കത്തയുടെ സ്‌കോര്‍ മുന്നോട്ട കൊണ്ടുപോയി. 45 റണ്‍സെടുത്താണ് ഉത്തപ്പ പുറത്തായത്.

ടോസ് നേടി ആദ്യം ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാനാണ് (39 പന്തില്‍ 50 റണ്‍സ്) ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

ഒന്നാം വിക്കറ്റില്‍ ധവാനും ഗോസ്വാമിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 79 റണ്‍സിന്റ കൂട്ടുകെട്ടുണ്ടാക്കി. 35 റണ്‍സോടെ പുറത്തായ ഗോസ്വാമിയ്ക്കുശേഷമെത്തിയ വില്ല്യംസണും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഹൈദരാബാദ് 200-നോട് അടുക്കുമെന്ന് തോന്നി. എന്നാല്‍ ഇരുവരും പുറത്തായ ശേഷം റണ്‍റേറ്റ് കുത്തനെ കുറഞ്ഞു.

കൊല്‍ക്കത്തയ്ക്കായി പ്രസീത് കൃഷ്ണ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. ആന്ദ്രെ റസല്‍, സുനില്‍ നരേയ്ന്‍, കുല്‍ദീപ് യാദവ്, സിര്‍ലസ് എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി.

ഇന്ന് നടന്ന ആദ്യമത്സരത്തില്‍ രാജസ്ഥാനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടു. 30 റണ്‍സിനായിരുന്നു ആര്‍.സി.ബിയുടെ തോല്‍വി. ഉഇതോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി.

We use cookies to give you the best possible experience. Learn more