കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി ജവഹര്‍ സിര്‍കാര്‍ രാജിവെച്ചു. സംഭവത്തെ പാര്‍ട്ടിയും തൃണമൂല്‍ സര്‍ക്കാരും കൈകാര്യം ചെയ്തതിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സിര്‍കാര്‍ രാജിവെച്ചത്.
പാര്‍ട്ടിക്കെതിരായ അഴിമതി ആരോപണങ്ങളും അദ്ദേഹത്തിന്റെ രാജിയെ സ്വാധീനിച്ചു. പാര്‍ലമെന്റില്‍ നിന്നും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ജവഹര്‍ സിര്‍ക്കാര്‍ രാജിവെച്ചതായാണ് വിവരം.
സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജിക്ക് അയച്ച കത്തില്‍ പറയുന്നു. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിലെ ചിലര്‍ നടത്തിയ അഴിമതികളെ കുറിച്ചും അതിനെതിരെ നടപടി എടുക്കാത്തതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിച്ചു.
‘ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജിയുടെ ഇടപെടലുണ്ടാവുമെന്ന് കരുതി ഒരുമാസത്തോളം കാത്തിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ വളരെ വൈകിയിരിക്കുന്നു,’ മുഖ്യമന്ത്രിക്കയച്ച കത്തില്‍ സിര്‍ക്കാര്‍ പറഞ്ഞു.
അഴിമതിക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെയും കുറ്റവാളികള്‍ക്കെതിരെയും കൃത്യമായ നടപടികള്‍ നിശ്ചിത സമയത്തിനുള്ളില്‍ കൈക്കൊണ്ടിരുന്നുവെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാനനില വളരെ നേരത്തേ തന്നെ പുനഃസ്ഥാപിക്കപ്പെടുമായിരുന്നെന്നും സിര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും അഴിമതികളും മുതിര്‍ന്ന പ്രവര്‍ത്തകരോട് ചര്‍ച്ച ചെയ്‌തെങ്കിലും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ കാര്യങ്ങളില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നു കരുതി കാത്തിരുന്നെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും സ്വേച്ഛാധിപത്യത്തെയും ചെറുക്കാന്‍ വേണ്ടിയായിരുന്നു തന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 2021ലായിരുന്നു അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പശ്ചിമബംഗാള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചുള്ള രാജ്യസഭാ എം.പിയായിരുന്നു അദ്ദേഹം.