| Sunday, 12th May 2024, 7:49 am

മഴയിൽ ഒലിച്ചുപോവാത്ത പോരാട്ടവീര്യം, കൊൽക്കത്ത നമ്പർ വൺ; ഇന്ന് സഞ്ജുവിന്റെ രാജസ്ഥാന്റെ ഊഴം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫില്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 16 റണ്‍സിന് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്.

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ടോസ് മത്സരത്തില്‍ നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് 16 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഈ തകര്‍പ്പന്‍ വിജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും മൂന്നു തോല്‍വിയും അടക്കം 18 പോയിന്റോടെ ഈ സീസണില്‍ പ്ലേ ഓഫിലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു.

21 പന്തില്‍ 42 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യര്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്‌സും ആണ് താരം നേടിയത്. 23 പന്തില്‍ 33 നേടിയ നിതീഷ് റാണയും 14 പന്തില്‍ 24 റണ്‍സ് നേടിയ ആന്ദ്രേ റസലും നിര്‍ണായകമായി.

മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, പിയൂഷ് ചൗള എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മുംബൈ ബാറ്റിങ്ങിൽ 22 പന്തില്‍ 40 റണ്‍സ് നേടി ഇഷാന്‍ കിഷാനും 17 പന്തില്‍ 32 റണ്‍സ് നേടി തിലക് വര്‍മയും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും 18 റണ്‍സ് അകലെ വിജയം നഷ്ടമാവുകയായിരുന്നു.

കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ ഹര്‍ഷിദ് റാണ, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റും സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി കരുത്തുകാട്ടി.

മെയ് 13ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അതേസമയം മെയ് 17ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് മുംബൈയുടെ എതിരാളികള്‍. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Kolkatha Knight Riders qualify the play off IPL 2024

We use cookies to give you the best possible experience. Learn more