ബലാത്സംഗം ഒഴിവാക്കാന്‍ മാന്യമായി വസ്ത്രം ധരിക്കണം: പെണ്‍കുട്ടികള്‍ ഇറക്കംകുറഞ്ഞ വസ്ത്രം ഒഴിവാക്കണമെന്നും കൊല്‍ക്കത്തയിലെ ഇമാമിന്റെ ഉപദേശം
Daily News
ബലാത്സംഗം ഒഴിവാക്കാന്‍ മാന്യമായി വസ്ത്രം ധരിക്കണം: പെണ്‍കുട്ടികള്‍ ഇറക്കംകുറഞ്ഞ വസ്ത്രം ഒഴിവാക്കണമെന്നും കൊല്‍ക്കത്തയിലെ ഇമാമിന്റെ ഉപദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2017, 11:13 am

imam

കൊല്‍ക്കത്ത: ബലാത്സംഗങ്ങള്‍ ഒഴിവാക്കാനുള്ള ഏക മാര്‍ഗം മാന്യമായ വസ്ത്രം ധരിക്കലാണെന്ന് കൊല്‍ക്കത്തയിലെ ടിപ്പുസുല്‍ത്താന്‍ മസ്്ജിദിലെ ഷാഹി ഇമാം സയ്യിദ് മുഹമ്മദ് നുറൂര്‍ ബര്‍കതി.

കൊലപാതകവും ബലാത്സംഗവും ചെറുക്കാന്‍ പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നുമാണ് ഇമാമിന്റെ നിര്‍ദേശം.

നീളംകുറഞ്ഞ വസ്ത്രത്തില്‍ പെണ്‍കുട്ടികളെ കാണുന്ന ആണ്‍കുട്ടികള്‍ക്ക് ലൈംഗികവികാരം ഉണരുമെന്നും ഇതില്‍ നിന്നും രക്ഷനേടാന്‍ പെണ്‍കുട്ടികള്‍ വസ്ത്രധാരണത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്നും ഇമാം പറയുന്നു.

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ ധരിക്കുന്നത് വളരെ ഇറുകിയ, ഇറക്കമില്ലാത്ത വസ്ത്രങ്ങളും പ്രത്യേക രീതിയിലുള്ള ഷര്‍ട്ടുകളുമാണ്. ഇത്തരം വസ്ത്രം ധരിക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയില്ല. അതില്‍ നിന്നും അവരെ തടയാനും ഉദ്ദേശിക്കുന്നില്ല.


എന്നാല്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്നും പെണ്‍കുട്ടികള്‍ പരമാവധി വിട്ടുനില്‍ക്കണം. ഇത് അവരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് പറയുന്നതെന്നും സയ്യിദ് മുഹമ്മദ് പറയുന്നു.

മുസ്‌ലീമെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യന്‍ സ്ത്രീകളും മുഖാവരണം ധരിക്കണമെന്ന് ഇദ്ദേഹത്തിന്റെ പ്രസ്താവന അടുത്തിടെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.