| Monday, 22nd March 2021, 2:58 pm

പ്രധാനമന്ത്രി വീടുകൊടുത്തെന്നുപറഞ്ഞ് മോദിക്കൊപ്പം നിര്‍ത്തി ഫോട്ടോയും സര്‍ക്കാര്‍ പരസ്യവും; വീടുപോയിട്ട് ബാത്ത് റൂം പോലുമില്ലെന്ന് തിരുത്തി യുവതി; നാണംകെട്ട് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി ആവാസ് യോജനയില്‍ തനിക്ക് വീട് ലഭിച്ചെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം യുവതി നില്‍ക്കുന്ന സര്‍ക്കാര്‍ പരസ്യം വ്യാജമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വീട് അനുവദിച്ച യുവതി ഇപ്പോള്‍ കഴിയുന്ന വീട്ടില്‍ ശൗചാലയം പോലുമില്ലെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആത്മനിര്‍ഭര്‍ ഭാരതിന്റെ പേരിലായിരുന്നു പരസ്യം പ്രത്യക്ഷപ്പെട്ടത്. ആത്മനിര്‍ഭര്‍ പദ്ധതിയിലൂടെ ബംഗാളിലെ 24 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചെന്നും ഈ പദ്ധതിയിലൂടെയാണ് തനിക്ക് വീട് ലഭിച്ചതെന്നും യുവതി പറയുന്ന രീതിയിലായിരുന്നു പരസ്യം.

തുടര്‍ന്ന് പരസ്യത്തിലെ സ്ത്രീയെ തേടിയെത്തിയപ്പോഴാണ് സത്യാവസ്ഥ പുറത്തറിയുന്നത്. കൊല്‍ക്കത്ത മലംഗ സ്വദേശി ലക്ഷ്മി ദേവിയുടെ ചിത്രമാണ് പരസ്യത്തിലുപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ അവകാശപ്പെടുന്നതുപോലെ യാതൊരു ആനൂകൂല്യവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു.

‘ഈ ഫോട്ടോയില്‍ കാണുന്നത് ഞാന്‍ തന്നെയാണ്. എന്നാല്‍ ഇതില്‍ അവകാശപ്പെടുന്നപോലെ ഒരു ആനൂകൂല്യവും എനിക്ക് ലഭിച്ചിട്ടില്ല. ആറുപേരടങ്ങുന്ന ഒരു വീട് വാടകയ്ക്ക് എടുത്താണ് ഞാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളെ മാത്രം വീടിനുള്ളില്‍ ഉറക്കി കിടത്തും. ഞങ്ങള്‍ പുറത്താണ് കിടക്കുന്നത്. ഒരു ബാത്ത് റൂം പോലുമില്ല’, ലക്ഷ്മി ദേവി പറഞ്ഞു.

പത്രത്തില്‍ തന്റെ ഫോട്ടോ വന്നപ്പോള്‍ പേടിച്ചുപോയെന്നും എപ്പോഴാണ് തന്റെ ചിത്രമെടുത്തത് എന്നറിയില്ലെന്നും ലക്ഷ്മി പറഞ്ഞു. ബാബുഘട്ടിലെ ശൗചാലയങ്ങള്‍ വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് ചിലര്‍ ചിത്രങ്ങളെടുത്തിരുന്നുവെന്നും അതാകാം പരസ്യത്തിനുപയോഗിച്ചതെന്നുമാണ് ലക്ഷ്മി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Kolkata woman seen in housing ad with PM Modi lives in rented room with no washroom

We use cookies to give you the best possible experience. Learn more