ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിക്കു മുമ്പില്‍ എ.ബി.വി.പി പ്രതിഷേധം അക്രമാസക്തം; പൊലീസിനുനേരെ കല്ലെറിഞ്ഞ് പ്രവര്‍ത്തകര്‍; എ.ബി.വി.പിയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും
India
ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിക്കു മുമ്പില്‍ എ.ബി.വി.പി പ്രതിഷേധം അക്രമാസക്തം; പൊലീസിനുനേരെ കല്ലെറിഞ്ഞ് പ്രവര്‍ത്തകര്‍; എ.ബി.വി.പിയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2019, 4:52 pm

 

കൊല്‍ക്കത്ത: ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് എ.ബി.വി.പി പ്രതിഷേധത്തിനിടെ അക്രമം. മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഗേറ്റിനു പുറത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ കല്ലെറിയുകയായിരുന്നു.

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ ആക്രമിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

തെക്കന്‍ കൊല്‍ക്കയിലെ ഗരിയാഹട്ട് മേഖലയില്‍ നിന്നാണ് എ.ബി.വി.പിയുടെ റാലി ആരംഭിച്ചത്. രണ്ടു കിലോമീറ്റര്‍ ഇപ്പുറമുള്ള ജോധ്പൂര്‍ പാര്‍ക്കില്‍ റാലിയെത്തിയതോടെ പൊലീസ് അവരെ ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിയുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എ.ബി.വി.പി പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിക്കുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രൊഫസര്‍മാരും യൂണിവേഴ്‌സിറ്റിയുടെ ഗേറ്റ് നമ്പര്‍ നാലിനുമുമ്പില്‍ കൂടിനിന്നിരുന്നു. വിദ്യാര്‍ഥികള്‍ എ.ബി.വി.പിക്കും ബി.ജെ.പിക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തന്നെ വിദ്യാര്‍ഥികള്‍ ആക്രമിച്ചെന്ന ആരോപണവുമായി ബാബുല്‍ സുപ്രിയോ രംഗത്തെത്തുകയായിരുന്നു. അതേസമയം, ബാബുല്‍ സുപ്രിയോ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യൂണിവേഴ്സിറ്റിയില്‍ ഉണ്ടായ സംഘര്‍ഷം ബി.ജെ.പി- സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നുമുള്ള ഗുരുതര ആരോപണവുമായി വിദ്യാര്‍ഥികള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുറത്തുനിന്നെത്തിയ 30-40 വയസുവരുന്ന നിരവധി ആളുകളാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്നും ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ മേല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം കെട്ടിവെക്കാനായിരുന്നു അവരുടെ ശ്രമമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.