കൊല്ലപ്പെട്ട ഷീനാ ബോറ തന്റെ മകളാണെന്ന് കൊല്‍ക്കത്ത സ്വദേശി
Daily News
കൊല്ലപ്പെട്ട ഷീനാ ബോറ തന്റെ മകളാണെന്ന് കൊല്‍ക്കത്ത സ്വദേശി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st September 2015, 4:20 pm

sidharth-das-600-370
കൊല്‍ക്കത്ത: കൊല്ലപ്പെട്ട ഷീനാ ബോറ തന്റെ മകളാണെന്ന് കൊല്‍ക്കത്ത സ്വദേശിയായ സിദ്ധാര്‍ത്ഥ് ദാസ്. ഷീനാ ബോറയും സഹോദരന്‍  മിഖായല്‍ ബോറയും ഇന്ദ്രാണി മുഖര്‍ജിയില്‍ തനിക്ക് ലഭിച്ച മക്കളാണെന്നാണ് സിദ്ധാര്‍ത്ഥ് അവകാശപ്പെടുന്നത്. മൂന്നു വര്‍ഷക്കാലം ഇന്ദ്രാണിയുമായുള്ള തന്റെ ലിവിങ് ടുഗതറിനിടെയാണ് കുട്ടികള്‍ ജനിച്ചതെന്നും ഇയാള്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെല്‍മറ്റ് ധരിച്ചാണ് ദാസ് മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത്.

 

“1987 ഫെബ്രുവരി 11നാണ് ഷീന ജനിച്ചത്. 1988 സെപ്റ്റംബര്‍ 9ന് മിഖായലും ജനിച്ചു. മാധ്യമങ്ങളില്‍ വരുന്ന മറ്റു തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. എന്നാല്‍ പണത്തോടുള്ള അത്യാര്‍ത്തി കാരണം ഇന്ദ്രാണി എന്നെ ഉപേക്ഷിച്ചു പോയി. ഷീനയുമായി ബന്ധപ്പെടാന്‍ ഞാന്‍ പലതവണ ശ്രമിച്ചിരുന്നു” സിദ്ധാര്‍ത്ഥ് ദാസ് പറഞ്ഞു. ഷീന പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ അവസാനമായി മകളോട് സംസാരിച്ചത് എന്നും, ഷില്ലോങ്ങിലെ കോളജില്‍ വച്ചാണ് താന്‍ ഇന്ദ്രാണിയെ കണ്ടുമുട്ടിയത് എന്നും ഇയാള്‍ പറയുന്നു.

 

“ഞാന്‍ ഡി.എന്‍.എ ടെസ്റ്റിനു തയ്യാറാണ്. എനിക്ക് പോലീസിനെ സഹായിക്കണം. എന്നാല്‍ മുംബൈ വരെ വരാനുള്ള പണച്ചെലവ് താങ്ങാന്‍ എനിക്കു കഴിവില്ല” ദാസ് ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു. കൊല്‍ക്കത്തയിലെ ദം ദമിലുള്ള ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ ഭാര്യയോടൊപ്പം താമസിക്കുന്നത്.

 

പോലീസിനോട് ഏതു തരത്തില്‍ സഹകരിക്കാനും താന്‍ തയ്യാറാണെന്നു പറഞ്ഞ ദാസ്, അത് ചെയ്തത് ഇന്ദ്രാണിയാണെങ്കില്‍ അവര്‍ക്ക് തൂക്കുമരം നല്‍കണമെന്നും പറഞ്ഞു. ഷീന തന്റെ സഹോദരിയും മിഖായല്‍ സഹോദരനുമാണെന്നായിരുന്നു ഇന്ദ്രാണി പറഞ്ഞിരുന്നത്. സ്റ്റാര്‍ ടി.വി മുന്‍ സി.ഇ.ഒ ആയിരുന്ന പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്ദ്രാണി മുഖര്‍ജി. 2012ല്‍ ഷീനയെ കൊലപ്പെടുത്തിയെന്നു സംശയിച്ച് പീറ്റര്‍,ഇന്ദ്രാണി,മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരെയും ഇവരുടെ ഡ്രൈവറെയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.