| Thursday, 12th September 2024, 9:23 pm

ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത്, രാജിവയ്ക്കാൻ ഞാൻ തയ്യാർ: ആർ.ജി കാർ പ്രതിഷേധകരോട് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: യുവ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച മുടങ്ങിയതോടെ താൻ രാജിവെക്കാൻ തയ്യാറാണെന്നും ഡോക്ടർമാർ തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്നും അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിന് വേണ്ടി താൻ രാജിവയ്ക്കാൻ തയ്യാറാണെന്നും എന്നാൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ തിരിച്ച് ഡ്യൂട്ടിയിലേക്ക് മടങ്ങണമെന്നും മമത അഭ്യർത്ഥിച്ചു.

‘ആർ.ജി കാർ സമരം ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച ബംഗാളിലെ ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. ജൂനിയർ ഡോക്ടർമാർ നബന്നയിൽ വന്നിരുന്നു, പക്ഷേ യോഗത്തിൽ പങ്കെടുത്തില്ല. ജോലിയിലേക്ക് മടങ്ങാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു,’ മമത ബാനർജി പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്നും ബംഗ്ലാദേശിലെ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ജൂനിയർ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്താൻ മമത തീരുമാനിച്ചിരുന്നു. എന്നാൽ മമതയുമായി കൂടിക്കാഴ്ച നടത്താൻ പ്രതിഷേധക്കാർ വിസമ്മതിച്ചു. പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാരെ കാണാൻ ബാനർജി ആളൊഴിഞ്ഞ ഹാളിൽ കാത്തുനിൽക്കുന്നതായ നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ദിവസങ്ങളായി സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർ യോഗസ്ഥലത്ത് 25 മിനിറ്റ് വൈകി എത്തിയെന്നും ഒരു മണിക്കൂറിലേറെ ഗേറ്റിൽ തങ്ങിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മമത ബാനർജിയും സർക്കാരും വലിയ ജനരോഷം നേരിടുന്നുണ്ട്. മമത ബാനർജിക്ക് വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും അവരുടെ രാജി ആവശ്യപ്പെട്ടും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 9 നാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കൊളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരിയെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂര പീഡനത്തിന് വിധേയമായതായി കണ്ടെത്തി. തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

Content Highlight: Kolkata rape-murder: Mamata says ready to resign for sake of Bengal but plead doctors to go back to duty

We use cookies to give you the best possible experience. Learn more