ബെല്‍ഗാച്ചിയ: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം. അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ അജ്ഞാത സംഘം ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെ വിവിധ സ്വത്ത് വകകള്‍ നശിപ്പിച്ചു.
ആഗസ്റ്റ് 9 ന് ക്രൂര ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് ആശുപത്രി വളപ്പില്‍ യുവ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനിടെ ആണ് അക്രമണം. സംഭവത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 40 ഓളം ആളുകളായിരുന്നു അക്രമികളുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ പ്രതിഷേധക്കാരുടെ വേഷത്തില്‍ ആശുപത്രി വളപ്പില്‍ കടന്നു കയറുകയും ഇഷ്ടികയും മറ്റും ഉപയോഗിച്ച് പൊലീസുകാരെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ആശുപത്രിയുടെ അത്യഹിത വിഭാഗം പൂര്‍ണമായി തകര്‍ന്നു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കും രണ്ട് പൊലീസ് വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി അക്രമത്തിന് ആഹ്വാനം ചെയ്തവരാണ് അക്രമത്തിന് പിന്നിലെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു.
‘നിലവില്‍ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിക്ക് പുറത്ത് വിന്യസിപ്പിക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്,’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് പുലര്‍ച്ചെ നടന്ന അക്രമത്തിന് ഉത്തരവാദികളായ എല്ലാ വ്യക്തികളെയും 24 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. യുവ ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിക്കുന്ന മറ്റ് ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും അതിനാല്‍ അവരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും എക്‌സില്‍ പങ്ക് വെച്ച പോസ്റ്റില്‍ അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു.
എന്നാല്‍ അക്രമത്തിന് പിന്നില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തിയിട്ടുണ്ട്. ഇത് ഡോക്ടര്‍മാരുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള മമതയുടെ തന്ത്രമാണെന്നും അത് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും സുവേന്ദു അധികാരി ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടി കഴിഞ്ഞ് സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന പി.ജി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് വിധേയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കഴിഞ്ഞ ദിവസം കേസില്‍ കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Content Highlight: Kolkata Rape case; R.G Car Medical College attacked by unknown persons