| Saturday, 21st April 2018, 6:57 pm

ഈഡന്‍ ഗാര്‍ഡനില്‍ ഗെയ്‌ലിന്റെയും രാഹുലിന്റെയും 'ഇടിമുഴക്കത്തിനു' അകമ്പടിയായി മഴ; കൊല്‍ക്കത്ത പഞ്ചാബ് മത്സരം തടസപ്പെട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 192 റണ്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് ശക്തമായ നിലയില്‍. മഴ തടസപ്പെടുത്തിയ കളിയില്‍ പഞ്ചാബ് 8.2 ഓവറില്‍ 96 റണ്‍സ് എന്ന നിലയിലാണിപ്പോള്‍. ഓപ്പണര്‍മാരായ ക്രിസ് ഗെയ്‌ലും കെ.എല്‍ രാഹുലും തകര്‍ത്താടിയ മത്സരത്തില്‍ ഇരുവരും അര്‍ദ്ധ സെഞ്ച്വറിക്കരികെ നില്‍ക്കവേയാണ് മഴ വില്ലനായത്.

ഗെയ്ല്‍ 27 പന്തില്‍ 4 സിക്‌സിന്റെയും 5 ഫോറിന്റെയും അകമ്പടിയോടെ 49 ഉം രാഹുല്‍ 23 പന്തില്‍ 1 സിക്‌സിന്റെയും 7 ഫോറിന്റെയും പിന്‍ബലത്തില്‍ 46 റണ്‍സും എടുത്തിരിക്കുകയാണ്. ഇന്നിങ്‌സിന്റെ ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തിയാണ് ഗെയ്ല്‍ മത്സരം ആരംഭിച്ചത്.

കൊല്‍ക്കത്തന്‍ നിരയില്‍ ആന്ദ്രെ റസ്സലാണ് പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരുടെ ചൂട് കൂടുതല്‍ അറിഞ്ഞത്. റസ്സല്‍ 1.5 ഓവറില്‍ 31 റണ്ണാണ് വഴങ്ങിയത്. താരം പരിക്കേറ്റ് ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു

നേരത്തെ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിനു 191 റണ്‍സാണെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്രിസ് ലിന്നിന്റെയും നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും ബാറ്റിങ്ങ് മികവാണ് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

ലിന്‍ 41 പന്തില്‍ 4 സിക്‌സിന്റെയും 6 ബൗണ്ടറികളുടെയും പിന്‍ബലത്തില്‍ 74 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് 28 പന്തില്‍ 43 റണ്‍സാണെടുത്തത്. കൊല്‍ക്കത്തന്‍ നിരയില്‍ ഉപനായകന്‍ റോബിന്‍ ഉത്തപ്പയും മികച്ച പ്രകടനം പുറത്തെടുത്തു. ഉത്തപ്പ 23 പന്തുകളില്‍ നിന്ന് 34 റണ്‍സാണെടുത്തത്. അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ കൊല്‍ക്കത്തന്‍ താരം സുനില്‍ നരെയ്‌നെ പുറത്താക്കിയ കരുണ്‍ നായറിന്റെ ക്യാച്ച് ആരാധകരുടെ ഹൃദയം കവരുന്നതായിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

We use cookies to give you the best possible experience. Learn more