കന്യകാത്വത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ പ്രൊഫസറെ പുറത്താക്കി
national news
കന്യകാത്വത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ പ്രൊഫസറെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th January 2019, 6:24 pm

കൊല്‍ക്കത്ത: കന്യകയായ പെണ്‍കുട്ടി സീല്‍ ചെയ്ത കുപ്പി പോലെയാണെന്ന് പറഞ്ഞ ജാദവ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ കനക് സര്‍ക്കാരിനെ പുറത്താക്കി. സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം സ്റ്റുഡന്റ്‌സ്-ടീച്ചര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

പ്രൊഫസറുടെ വാക്കുകള്‍ സര്‍വകലാശാലയ്ക്ക് മാനക്കേടുണ്ടാക്കിയെന്നും അദ്ദേഹത്തിനെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായപ്പോള്‍ തമാശ പറഞ്ഞതാണെന്ന് ന്യായീകരിക്കുകയാണ് പ്രൊഫസര്‍ ചെയ്തിരുന്നത്.

ജാദവ്പുര്‍ സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിപ്പിക്കുന്ന അധ്യാപകനാണ് കനക് സര്‍ക്കാര്‍. എന്തു കൊണ്ട് കന്യകയായ വധുവായിക്കൂട എന്ന തലക്കെട്ടില്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

“”പല ആണ്‍ക്കുട്ടികളും ഇപ്പോഴും വിഡ്ഢികളാണ്. അവര്‍ ഒരിക്കലും കന്യകയായ ഭാര്യയെ കുറിച്ച് ബോധവാന്‍മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ ചെയ്ത കുപ്പി പോലെയോ പാക്കറ്റ് പോലെയോ ആണ്. സീല്‍ പൊട്ടിയ ശീതളപാനീയമോ ബിസ്‌ക്കറ്റ് പാക്കറ്റോ ആരെങ്കിലും വാങ്ങിക്കുമോ എന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഇതുപോലെ തന്നെയാണ് നിങ്ങളുടെ ഭാര്യയുടെ കാര്യവും. ഒരു പെണ്‍കുട്ടി ജന്മനാ സീല്‍ ചെയ്യപ്പെട്ടാണ് പിറക്കുന്നത്. കന്യകയായ പെണ്‍കുട്ടിയെന്നാല്‍ മൂല്യങ്ങള്‍,? സംസ്‌കാരം,? ലൈംഗിക ശുചിത്വം എന്നിവ കൂടിച്ചേര്‍ന്നതാണ്. ആണ്‍കുട്ടികള്‍ക്ക് കന്യകയായ ഭാര്യയെന്നാല്‍ ഒരു മലാഖ പോലെയാണെന്നും”” എന്നായിരുന്നു പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ്.