കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണ രേഖകള്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. സുപ്രീംകോടതി നിശ്ചയിച്ച പ്രകാരം മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലാണ് രാജീവിനെ ചോദ്യം ചെയ്യുക
രണ്ട് സ്ഥലങ്ങളില്‍ വെച്ച് രാജീവിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം സി.ബി.ഐ ഓഫീസിലും ഇതിന് ശേഷം മറ്റൊരു രഹസ്യസ്ഥലത്തും വെച്ചായിരിക്കും ചോദ്യം ചെയ്യല്‍.
കൊല്‍ക്കത്ത പൊലീസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഷില്ലോങ്ങിലെ പ്രമുഖ ഹോട്ടലില്‍ രാജീവ് എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ള സി.ബി.ഐ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ ഷില്ലോങ്ങിലെത്തിയിരുന്നു.
രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ചൊവ്വാഴ്ചയാണ് സുപ്രീംകോടതി സി.ബി.ഐയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഞായറാഴ്ച കമ്മീഷണറുടെ വസതിയില്‍ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പശ്ചിമബംഗാള്‍ പൊലീസ് തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചത്.