| Sunday, 16th September 2018, 8:47 pm

കൊല്‍ക്കത്ത നഗരത്തില്‍ വന്‍ തീപ്പിടിത്തം: കെട്ടിടങ്ങള്‍ കത്തിനശിച്ചു; തീ കെടുത്താനുള്ള ശ്രമം 15 മണിക്കൂറിന് ശേഷവും തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: നഗരത്തിലെ ബർഗി മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. 15 മണിക്കൂറായി തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് 400 കടകളുള്ള ആറു നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.

എന്നാല്‍ തീപിടിച്ച കെട്ടിടത്തില്‍ ആരും അകപ്പെട്ടിട്ടില്ലെന്നും ആളപായം ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. കൊല്‍ക്കത്തയിലെ മുഖ്യ വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നിലാണ് തീപ്പിടിത്തമുണ്ടായത്.

മധ്യ കൊല്‍ക്കത്തയിലെ കാനണ്‍ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ മുപ്പതോളം വാഹനങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് അഗ്നിശമന സേനാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.


കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപ്പിടിച്ചത്. സ്വര്‍ണാഭരണങ്ങളുടേയും സൗന്ദര്യവര്‍ധക വസ്തുക്കളുടേയും ഷോപ്പുകള്‍, മരുന്നു കടകള്‍ തുടങ്ങിയവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

കെട്ടിടത്തിന് മുന്നിലെ റോഡിന് വീതി കുറവായതിനാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തീ കെടുത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഗോവണികള്‍ ഉപയോഗിക്കാന്‍ പോലും അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞില്ലെന്ന് സംഭവ സ്ഥലത്തെത്തിയ മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ഏതാനും അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

We use cookies to give you the best possible experience. Learn more