ന്യൂദല്‍ഹി: ഷോര്‍ട്ട്‌സ് ധരിച്ചുവെന്ന കാരണത്താല്‍ എസ്.ബി.ഐ ബാങ്കിന്റെ ബ്രാഞ്ചില്‍ പ്രവേശനം നിഷേധിച്ചുവെന്ന് ഉപഭോക്താവിന്റെ ആരോപണം. സംഭവത്തെപ്പറ്റി പറയുന്ന കൊല്‍ക്കത്ത സ്വദേശിയായ ആശിഷിന്റെ ട്വീറ്റ് വൈറലാവുകയാണ്.
ഷോര്‍ട്ട്‌സ് ധരിച്ച് ബാങ്കിലെത്തിയപ്പോള്‍ തടഞ്ഞ ബാങ്ക് ജീവനക്കാര്‍ പാന്റ് ധരിച്ചെത്തണമെന്നാവശ്യപ്പെടുകയായിരുന്നുവെന്ന് ആശിഷ് പറഞ്ഞു.
‘എസ്.ബി.ഐ ഉദ്യോഗസ്ഥരോട്, ഇന്ന് നിങ്ങളുടെ ബ്രാഞ്ചില്‍ ഷോര്‍ട്ട്‌സ് ധരിച്ച് പോയപ്പോള്‍ പാന്റ് ധരിച്ചു വരണമെന്നും, ഉപഭോക്താക്കള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നെന്നുമാണ് എന്നോട് പറഞ്ഞത്,’ ആശിഷ് ട്വീറ്റ് ചെയ്തു.
ഉപഭോക്താക്കള്‍ എന്ത് ധരിക്കണം, ധരിക്കണ്ട എന്ന് നിങ്ങള്‍ക്ക് പ്രത്യേക നയം വല്ലതുമുണ്ടോ എന്നും ആശിഷ് ചോദിക്കുന്നു.
ഉപഭോക്താവ് ബര്‍മുഡ ഷോര്‍ട്ട്‌സ് ധരിച്ചെത്തിയതിന്റെ പേരില്‍ 2017 ല്‍ പൂനെയിലും സമാനമായ സംഭവം നടന്നെന്നും ആശിഷ് ചൂണ്ടിക്കാണിച്ചു.
ആശിഷിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ ട്വീറ്റിനു താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ അക്കൗണ്ട് ക്ലോസ് ചെയ്ത് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഒരാള്‍ പറഞ്ഞപ്പോള്‍, മറ്റ് ഉപഭോക്താക്കള്‍ക്ക് അരോചകമാകാത്ത തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണ് മറ്റൊരു കമന്റ് വന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: kolkata-man-denied-entry-in-sbi-branch-for-wearing-shorts-viral-post