കൊൽക്കത്ത: ഒരാളുടെ മരണത്തിന് ഇടയാക്കിയ കൊൽക്കത്ത നഗരത്തിലെ നർക്കെൽദംഗ ചേരിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ അഗ്നിശമന സേനയുടെ ഭാഗത്ത് അനാസ്ഥയുണ്ടായതായി നാട്ടുകാർ.
ശനിയാഴ്ച രാത്രി 10 മണിയോടെ ചേരിയിൽ വൻ തീപിടുത്തമുണ്ടായതായും അവിടെയുണ്ടായിരുന്ന 200 ലധികം കുടിലുകളിൽ 60 ലധികവും കത്തിനശിച്ചതായും നാട്ടുകാർ പറഞ്ഞു. ജോലി ചെയ്തിരുന്ന ഒരു ഗോഡൗണിൽ ഉറങ്ങുകയായിരുന്ന ഹബീബുള്ള മൊല്ലാർ എന്ന വ്യക്തി തീപിടുത്തത്തിൽ മരിച്ചു. ചേരിയിലെ മറ്റ് താമസക്കാർ പുറത്തേക്ക് ഓടിയെത്തിയപ്പോൾ, മൊല്ലാർ ഗോഡൗണിൽ ഉറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തീ അണച്ച് വാതിൽ തുറന്നപ്പോഴാണ് മൊല്ലാറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ഒരു കുടിലിൽ നിന്നാണ് തീ പടർന്നതെന്നും കാറ്റിന്റെ ശക്തി കാരണം ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് തീ പടർന്നതായും നാട്ടുകാർ പറഞ്ഞു. തീ ആരംഭിച്ച് ഒരു മണിക്കൂറിനുശേഷം അഗ്നിശമന സേന എത്തിയെന്നും പത്ത് മിനിറ്റിനുള്ളിൽ ഫയർ എഞ്ചിനുകൾ എത്തിയിരുന്നെങ്കിൽ നിരവധി കുടിലുകൾ രക്ഷിക്കാമായിരുന്നെന്നും അവർ ആരോപിച്ചു.
ചേരിയിൽ നിരവധി ഗോഡൗണുകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ‘പ്ലാസ്റ്റിക്, പ്ലൈവുഡ്, പേപ്പർ എന്നിവ സൂക്ഷിക്കുന്ന നിരവധി ഗോഡൗണുകൾ ഉണ്ട്. ഇവ തീപിടിക്കാൻ സാധ്യതയുള്ളവയാണ്, പക്ഷേ പൊലീസോ ഭരണകൂടമോ യാതൊരു പരിശോധനയും നടത്തുന്നില്ല,’ ചേരി നിവാസിയായ റോഹൻ ഷോ മാധ്യമപ്രവർത്തകരോട് പറഞ്ഞു,
ചേരിയിൽ താമസിക്കുന്ന 200 ഓളം പേർ ഭവനരഹിതരായി. പതിനേഴു അഗ്നിശമനസേനാ യൂണിറ്റുകൾ രാവിലെ 10 മണിയോടെയാണ് തീ ആദ്യം കണ്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പൂർണമായും അണച്ചു.
‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. . ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. രേഖകളോ സാധനങ്ങളോ പുറത്തെടുക്കാൻ പോലും ഞങ്ങൾക്ക് സമയമില്ലായിരുന്നു. ഇനി ഞങ്ങൾ എവിടേക്ക് പോകും?,’ മറ്റൊരു ചേരി നിവാസി രഹന ഖാത്തൂൻ പറഞ്ഞു.
Content Highlight: Kolkata: Major fire breaks out in Narkeldanga slum, one person killed