കിരീടനേട്ടത്തിനൊപ്പം കൊൽക്കത്ത വാരികൂട്ടിയത് ചരിത്രനേട്ടങ്ങളുടെ നിര; തിരുത്തികുറിച്ചത് 17 വർഷത്തെ ഐ.പി.എൽ ചരിത്രം
Cricket
കിരീടനേട്ടത്തിനൊപ്പം കൊൽക്കത്ത വാരികൂട്ടിയത് ചരിത്രനേട്ടങ്ങളുടെ നിര; തിരുത്തികുറിച്ചത് 17 വർഷത്തെ ഐ.പി.എൽ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th May 2024, 7:44 am

2024 ഐ.പി.എല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്കാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

കിരീട നേട്ടത്തിന് പിന്നാലെ ഒരുപിടി ചരിത്ര നേട്ടങ്ങളാണ് കൊല്‍ക്കത്ത ഈ മത്സരത്തില്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ ഫൈനലിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു ടീം ഓള്‍ ഔട്ട് ആവുന്നത്. ടോസ് നേടിയ ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ തീരുമാനം തെറ്റാവുന്നതായിരുന്നു ഗ്രൗണ്ടില്‍ കണ്ടത്.

കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ ആന്ദ്രേ റസല്‍ മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വൈഭവ് അരോര, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഹൈദരാബാദ് ബാറ്റിങ് 113 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഈ വിജയത്തോടെ മറ്റൊരു നേട്ടവും കൊല്‍ക്കത്ത സ്വന്തമാക്കി. ഐ.പി.എല്ലില്‍ പ്ലേ ഓഫിലെ ഒരു മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വിജയമായി മാറ്റാനും കൊല്‍ക്കത്തക്ക് സാധിച്ചു. 57 പന്തുകള്‍ ബാക്കിനില്‍ക്കുകയായിരുന്നു കൊല്‍ക്കത്ത മത്സരത്തില്‍ ജയിച്ചു കയറിയത്.

26 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരുടെ തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്തയെ വിജയത്തില്‍ എത്തിച്ചത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അഫ്ഗാന്‍ സൂപ്പര്‍താരം റഹ്‌മാനുള്ള ഗുര്‍ബാസ് 32 പന്തില്‍ 39 റണ്‍സും നേടി ജയത്തില്‍ നിര്‍ണായകമായി.

Content Highlight: Kolkata Knight Riders won IPL 2024 Tittle