| Sunday, 8th April 2018, 11:39 pm

കോഹ്‌ലിപ്പടയെ വീഴ്ത്തി കാര്‍ത്തിക്കിന്റെ നൈറ്റ്‌റൈഡേഴ്‌സ് തുടങ്ങി; ആവേശപ്പോരാട്ടത്തിലെ വിജയം 4 വിക്കറ്റിന്

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഐ.പി.എല്‍ പതിനൊന്നാം സീസണിലെ മൂന്നാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വിജയത്തുടക്കം. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ആറു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

കൊല്‍ക്കത്തയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഓപ്പണറായി ഇറങ്ങിയ നരെയ്ന്‍ 19 പന്തുകളില്‍ നിന്ന് 5 സിക്‌സുകളുടെയും 4 ഫോറുകളുടെയും അകമ്പടിയോടെ 50 റണ്‍സെടുത്തു. 17 പന്തില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ നരെയ്ന്‍ ഉമേഷ് യാദവിന്റെ പന്തിലാണ് പുറത്തായത്.

പിന്നാലെയെത്തിയ നിതീഷ് റാണ 25 പന്തില്‍ 34 റണ്‍സെടുത്തു. പക്വതയാര്‍ന്ന പ്രകടനം പുറത്തെടുത്ത നായകന്‍ ദിനേഷ് കാര്‍ത്തിക് പുറത്താകാതെ  29 പന്തില്‍ 35 റണ്‍സെടുത്തു. റിങ്കു സിങ്ങ് പുറത്തായതിനു പിന്നാലെയെത്തിയ ആന്ദ്ര റസ്സല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കിയത്. റസ്സല്‍ 11 പന്തില്‍ 15 റണ്ണാണെടുത്തത്.

അവസാന നിമിഷം വിനയ് കുമാറിന്റെ ക്യാച്ച് ബാംഗ്ലൂര്‍ പാഴാക്കുകയും ഉണ്ടായി. നേരത്തെ ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഓപ്പണര്‍ ബ്രെണ്ടന്‍ മക്കുല്ലത്തിന്റെയും 27 പന്തില്‍ 43 നായകന്‍ വിരാട് കോഹ്‌ലിയുടെയും 33 പന്തില്‍ 33 ഡി വില്ല്യേഴ്‌സിന്റെയും 23 പന്തില്‍44 ബിന്‍ബലത്തിലാണ് 176 റണ്‍സ് അടിച്ചെടുത്തത്. 5 സിക്‌സുകളുടെയും 1 ഫോറിന്റെയും അകമ്പടിയോടെയായിരുന്നു വില്ല്യേഴ്‌സിന്റെ ഇന്നിങ്‌സ്.

മികച്ച തുടക്കത്തിനുശേഷം തകര്‍ച്ചയിലേക്ക് പോയ ബാംഗ്ലൂരിനെ മന്‍ദീപ് സിങ്ങിന്റെ വെടിക്കെട്ട് പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് മന്‍ദീപ് 18 പന്തില്‍ 37 റണ്‍സാണെടുത്തത്.

We use cookies to give you the best possible experience. Learn more