| Friday, 14th April 2023, 11:59 pm

'4, 6, 4, 4, 4, 6'; ഉംറാന്‍ മാലിക്ക് എറിഞ്ഞ ഒറ്റ ഓവറില്‍ റാണെ അടിച്ചത് 28 റണ്‍സ്; റിങ്കുവിനൊപ്പം ചേര്‍ന്ന് വിജയിപ്പിക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വെള്ളിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്തയെ തകര്‍ത്ത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയുടെ മികവില്‍
നാല് വിക്കറ്റ് നഷ്ടത്തില്‍ 228 എന്ന കൂറ്റന്‍ റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത പരമാവധി പൊരുതി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സിന് വീഴുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെതിരെ വെടിക്കെട്ട് പ്രകടനം നടത്തിയ നിതീഷ് റാണയും റിങ്കു സിങ്ങും വീണ്ടും തിളങ്ങിയപ്പോള്‍ ഒരുവേള കൊല്‍ക്കത്ത വിജയിക്കുമെന്ന സ്ഥിതിവിശേഷം വരെയുണ്ടായി. 24 പന്തില്‍ 70 റണ്‍സാണ് ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ്.

നിതീഷ് റാണ 41 പന്തുകളില്‍ ആറ് സിക്‌സറുകളും അഞ്ച് ബൗണ്ടറികളുമടക്കം 75 റണ്‍സെടുത്തു. ഇതിനിടയില്‍ ഹൈദരാബാദിന്റെ ഉംറാന്‍ മാലിക്ക് എറിഞ്ഞ ഒറ്റ ഓവറില്‍ 28 റണ്‍സ്( 4, 6, 4, 4, 4, 6) നേടാനും റാണക്കായി. 31 പന്തുകളില്‍ നാല് വീതം സിക്‌സറക്കം 58 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. എന്നാല്‍ ഇരുവര്‍ക്കും മറ്റ് ബാറ്റര്‍മാര്‍ പിന്തുണ നല്‍കാത്തത് കാരണം വിജയം മാത്രം അകന്നുനിന്നു.

അതേസമയം, തകര്‍പ്പന്‍ സെഞ്ച്വറി നേടിയ 22കാരന്‍ ഹാരി ബ്രൂക്കാണ് സണ്‍റൈസേഴ്‌സ് നിരയില്‍ തിളങ്ങിയത്. 55 പന്തുകളിലായിരുന്നു താരം ടി20 സെഞ്ച്വറി തികച്ചത്. ഹാരി ബ്രൂക്കിന്റെ കരിയറിലെ രണ്ടാമത്തെ ടി20 സെഞ്ച്വറിയാണിത്.

ലോക ക്രിക്കറ്റിലെ മികച്ച യുവ പ്രതിഭകളിലൊരാളായി അറിയപ്പെടുന്ന ഹാരി ബ്രൂക്കിനെ 13.25 കോടി രൂപക്കായിരുന്നു ഐ.പി.എല്‍ ലേലത്തില്‍ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 29 റണ്‍സ് മാത്രമേ താരത്തിന് നേടാനായിരുന്നുള്ളു. ഈ നിലയില്‍ നിന്നാണ് 2023 സീസണിലെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയുമായി ഹാരി ബ്രൂക്ക് തന്റെ വരവറിയിച്ചത്.

Content Highlight:  kolkata knight riders’s nitish rana’s  fibulas performance against sunrisers hyderabad

We use cookies to give you the best possible experience. Learn more