| Saturday, 24th December 2022, 8:21 am

ഒറ്റയടിക്ക് ഒരു രാജ്യത്തെ തന്നെ ആരാധകരാക്കി മാറ്റി നൈറ്റ് റൈഡേഴ്‌സ്; അടുത്ത സീസണില്‍ ടീമിന് വേണ്ടി മരിച്ച്‌ പണിയെടുക്കാന്‍ പോകുന്നവര്‍ ഇവരായിരിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചായിരുന്നു ഐ.പി.എല്‍ 2023ന് മുന്നോടിയായുള്ള മിനി ലേലം നടന്നത്. ഇതിനോടകം തന്നെ സ്റ്റേബിളായ സ്‌ക്വാഡിനെ വീണ്ടും ശക്തിപ്പെടുത്താന്‍ ഉറച്ചായിരുന്നു എല്ലാ ടീമും കൊച്ചിയിലെത്തിയത്.

പല വമ്പന്‍ പിക്കുകളും കൊച്ചിയില്‍ നടന്നെങ്കിലും ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത പല സൂപ്പര്‍ താരങ്ങള്‍ക്കും നിരാശയായിരുന്നു ഫലം. പല സൂപ്പര്‍ താരങ്ങളും ആദ്യ റൗണ്ടില്‍ ഒരു ടീമില്‍ പോലും ഇടം നേടാന്‍ സാധിക്കാതെ പുറത്താകുകയും എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ടീമുകളിലെത്തുകയും ചെയ്തിരുന്നു.

അത്തരത്തില്‍ ഐ.പി.എല്ലിന്റെ ഭാഗമായ താരങ്ങളായിരുന്നു ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസനും ലിട്ടണ്‍ കുമാര്‍ ദാസും. ഇരുവരെയും ടീമിലെത്തിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു.

ഐ.പി.എല്‍ ലേലത്തില്‍ ഏറ്റവുമധികം സാധ്യത കല്‍പിച്ചിരുന്ന താരമായിരുന്നു ഷാകിബ് അല്‍ ഹസന്‍. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍ റൗണ്ടറിന് പിന്നാലെ സകല ടീമുകളും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ താരം അണ്‍ സോള്‍ഡാവുകയായിരുന്നു.

തുടര്‍ന്നാണ് കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സ് ഷാകിബിനെ ടീമിലെത്തിച്ചത്. 1.5 കോടി രൂപക്കായിരുന്നു കൊല്‍ക്കത്തയുടെ ഈ നീക്കം.

ഇതിന് ശേഷമാണ് ലിട്ടണ്‍ ദാസിനെയും നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ടീമിന്റെ ഭാഗമാക്കിയത്. ആദ്യ ഘട്ടത്തില്‍ അണ്‍ സോള്‍ഡായ ലിട്ടണെയും കെ.കെ.ആര്‍ ലേലനടപടികള്‍ പുരോഗമിക്കവെ ടീമിനൊപ്പമെത്തിക്കുകയായിരുന്നു. 50 ലക്ഷമായിരുന്നു മുന്‍ ചാമ്പ്യന്‍മാര്‍ ലിട്ടണ് വേണ്ടി മുടക്കിയത്.

ഇതോടെ ഒരു രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ ഒന്നാകെ തങ്ങളുടെ ആരാധകരാക്കി മാറ്റിയിരിക്കുകയാണ് നൈറ്റ് റൈഡേഴ്‌സ്. ക്രിക്കറ്റിനെ ഏറെ വൈകാരികമായി നോക്കിക്കാണുന്ന ബംഗ്ലാദേശ് ആരാധകര്‍ക്കായി അവരുടെ ക്യാപ്റ്റനെയും ഇന്ത്യയെ ഏകദിന പരമ്പരയില്‍ അടിയറവ് പറയിപ്പിച്ച ക്യാപ്റ്റനെയുമാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

മിനി ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ച താരങ്ങള്‍

ഷാകിബ് അല്‍ ഹസന്‍ (1.5 കോടി), ലിട്ടണ്‍ ദാസ് (50 ലക്ഷം), കുല്‍വന്ത് ഖെജ്‌രോലിയ (20 ലക്ഷം), ഡേവിഡ് വീസ് (ഒരു കോടി), സുയാഷ് ശര്‍മ (20 ലക്ഷം), വൈഭവ് അറോറ (60 ലക്ഷം), എന്‍. ജഗദീശന്‍ (90 ലക്ഷം), മന്‍ദീപ് സിങ് (50 ലക്ഷം).

മിനി ലേലത്തിന് ശേഷമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്

ആന്ദ്രേ റസല്‍, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, ലോക്കി ഫെര്‍ഗൂസണ്‍, നിതീഷ് റാണ, റഹ്‌മാനുള്ള ഗുര്‍ബാസ്, റിങ്കു സിങ്, ഷര്‍ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍, ഷാക്കിബ് അല്‍ ഹസന്‍, മന്‍ദീപ് സിങ് , ലിട്ടണ്‍ ദാസ്, കുല്‍വന്ത് ഖെജ്‌രോലിയ, ഡേവിഡ് വീസ്, സുയാഷ് ശര്‍മ, വൈഭവ് അറോറ, എന്‍. ജഗദീശന്‍.

Content Highlight: Kolkata Knight Riders pick Shakib Al Hasan and Litton Das in mini auction

Latest Stories

We use cookies to give you the best possible experience. Learn more