കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ തങ്ങള്‍ക്കൊപ്പം ഒമ്പതുവര്‍ഷം നിലനിന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിനെ ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിലവില്‍ ടീമിന്റെ ഹെഡ് കോച്ചാണ് കാലിസ്. അസിസ്റ്റന്റ് കോച്ചായ മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ചിനെയും മാറ്റുമെന്ന് ടീം അധികൃതര്‍ അറിയിച്ചു.
2015 ഒക്ടോബറിലാണ് കാലിസ് കോച്ചായി സ്ഥാനമേറ്റത്. അതിനുശേഷം കൊല്‍ക്കത്ത മൂന്നുതവണ തുടര്‍ച്ചയായി പ്ലേ ഓഫില്‍ കടന്നിരുന്നു. എന്നാല്‍ ഈവര്‍ഷം അഞ്ചാം സ്ഥാനത്തായ അവര്‍ക്ക് പ്ലേ ഓഫില്‍ കടക്കാനായിരുന്നില്ല.
2011-ലാണ് കാലിസ് കൊല്‍ക്കത്തയിലെത്തുന്നത്. അതിനുശേഷം കളിക്കാരനായും മെന്ററായും കോച്ചായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
കൊല്‍ക്കത്തയുടെ അവിഭാജ്യഘടകമാണ് കാലിസെന്നും അതു തുടര്‍ന്നും അങ്ങനെതന്നെയായിരിക്കുമെന്നും ടീം സി.ഇ.ഒ വെങ്കി മൈസൂര്‍ വ്യക്തമാക്കി. എന്നാല്‍ ടീമിനെ ഒരു ആഗോള ബ്രാന്‍ഡ് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണു മാറ്റങ്ങളെന്ന് അദ്ദേഹം അറിയിച്ചു. തന്നെ ഒഴിവാക്കുന്ന കാര്യം കാലിസും സ്ഥിരീകരിച്ചു. ടീം ഉടമകളും അംഗങ്ങള്‍ക്കും മാനേജ്‌മെന്റിനും അദ്ദേഹം നന്ദി പറഞ്ഞതായി ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
കാലിസിനൊപ്പം തന്നെയാണ് കാറ്റിച്ചിനെയും നിയമിച്ചത്. കൊല്‍ക്കത്തയിലെത്തുന്നതിനു മുന്‍പ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിനിബാഗോ നൈറ്റ് റൈഡേഴ്‌സിലായിരുന്നു അദ്ദേഹം.
കൊല്‍ക്കത്തയില്‍ കളിക്കാനെത്തുന്നതിനു മുന്‍പ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് കാലിസ് കളിച്ചിരുന്നത്. 2014-ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിച്ചത്.
കാറ്റിച്ചാവട്ടെ, ഐ.പി.എല്ലില്‍ ഒരുവര്‍ഷം മാത്രമേ കളിച്ചിട്ടുള്ളൂ. അത് കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ്. 2010-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ അവസാനമായി കളിച്ചത്.