2024 ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ആവേശകരമായ ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കം മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.
ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ജേസണ്‍ റോയ് വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റോയിക്ക് പകരക്കാരനായി ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റര്‍ ഫില്‍ സാള്‍ട്ടിനെയാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്.
2023 സീസണില്‍ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പകരക്കാരനായി സാള്‍ട്ട് കൊല്‍ക്കത്തയില്‍ കളിച്ചിരുന്നു. കൊല്‍ക്കത്തയ്ക്കായി എട്ട് മത്സരങ്ങളില്‍ നിന്നും 285 റണ്‍സാണ് നേടിയത്.
ദല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും ഇംഗ്ലണ്ട് താരം കളിച്ചിട്ടുണ്ട്. ക്യാപ്പിറ്റല്‍സിനായി ഒമ്പത് മത്സരങ്ങളില്‍ നിന്നും 218 റണ്‍സാണ് സാള്‍ട്ട് നേടിയത്. ടി-20യില്‍ 20 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 639 റണ്‍സാണ് സാള്‍ട്ട് നേടിയത്.
ഇംഗ്ലീഷ് താരത്തിന്റെ അവസാന അഞ്ച് മത്സരങ്ങളിലെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അവസാന അഞ്ചു മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 331 റണ്‍സാണ് സാള്‍ട്ട് നേടിയത്. താരത്തിന്റെ ഈ മിന്നും ഫോം ഐ.പി.എല്ലിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.