| Saturday, 15th April 2023, 4:55 pm

ആകെയുള്ളത് ഒറ്റ സെഞ്ച്വറി, അതും ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍; വഴങ്ങിയതാകട്ടെ 11ഉം; ഇതിലും ഗതികെട്ട വേറെ ഏതെങ്കിലും ടീം ഉണ്ടാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ തങ്ങളുടെ രണ്ടാം വിജയം ആഘോഷിച്ചിച്ചിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് ഓറഞ്ച് ആര്‍മി നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചുവിട്ടത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച നൈറ്റ് റൈഡേഴ്‌സിന് നേരിടാനുണ്ടായിരുന്നത് ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി ബ്രൂക്കിനെയായിരുന്നു. ഓപ്പണറായി കളത്തിലിറങ്ങി 20ാം ഓവര്‍ വരെ സണ്‍റൈസേഴ്‌സിന്റെ ഒരറ്റം കാത്ത ബ്രൂക്ക് സെഞ്ച്വറി നേടിയിരുന്നു. 55 പന്തില്‍ നിന്നും പുറത്താകാതെ 100 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഈ സീസണിലെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്.

ബ്രൂക്കിന്റെ സെഞ്ച്വറിക്ക് പുറമെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ അര്‍ധ സെഞ്ച്വറിയും അഭിഷേക് ശര്‍മയുടെ അപരാജിത ഇന്നിങ്‌സും സണ്‍റൈസേഴ്‌സിനെ 228 എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി നാരായണ്‍ ജഗദീശനും ക്യാപ്റ്റന്‍ നിതീഷ് റാണയും ടീമിന്റെ വണ്ടര്‍ ബോയ് ആയ റിങ്കു സിങ്ങും പൊരുതി നോക്കിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നൈറ്റ് റൈഡേഴ്‌സിന് നേടാന്‍ സാധിച്ചത്.

തോല്‍വിക്ക് പുറമെ മറ്റൊരു മോശം റെക്കോഡും നൈറ്റ് റൈഡേഴ്‌സിനെ തേടിയെത്തിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ വഴങ്ങിയ ടീം എന്ന അപഖ്യാതിയാണ് പര്‍പ്പിള്‍ ആര്‍മി സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ഹാരി ബ്രൂക് സെഞ്ച്വറി നേടിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് 11ാം തവണയാണ് നൈറ്റ് റൈഡേഴ്‌സ് സെഞ്ച്വറി വഴങ്ങുന്നത്.

സെഞ്ച്വറി വഴങ്ങുന്നതിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നില്ലെങ്കിലും സെഞ്ച്വറിയടിക്കാന്‍ നൈറ്റ് റൈഡേഴ്‌സ് അറുപിശുക്കന്‍മാരാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിന്റെ 16ാം സീസണിലേക്കെത്തിയപ്പോള്‍ വെറും ഒരു സെഞ്ച്വറി മാത്രമാണ് മുന്‍ ചാമ്പ്യന്‍മാരുടെ പേരിലുള്ളത്. ഈ സെഞ്ച്വറി പിറന്നതാകട്ടെ 15 വര്‍ഷം മുമ്പും!

ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തിലാണ് നൈറ്റ് റൈഡേഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ച്വറിയും ഏക സെഞ്ച്വറിയും പിറന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ബ്രണ്ടന്‍ മക്കെല്ലമാണ് സെഞ്ച്വറിയടിച്ചത്.

മക്കെല്ലം നേടിയ 158 റണ്‍സിന്റെ കരുത്തിലാണ് നൈറ്റ് റൈഡേഴ്‌സ് ആര്‍.സി.ബിയെ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 82 റണ്‍സ് ഓള്‍ ഔട്ടായി. 140 റണ്‍സിനായിരുന്നു നൈറ്റ് റൈഡേഴ്സിന്റെ വിജയം.

Content highlight: Kolkata Knight Riders’ century drought

We use cookies to give you the best possible experience. Learn more