കൊല്‍ക്കത്തയിലെ ഡോക്ടര്‍മാരുടെ സമരം മറ്റിടങ്ങളിലേക്കും; കേരളത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം; ദല്‍ഹി എയിംസില്‍ ചികിത്സ നിഷേധിച്ചെന്ന് രോഗികള്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും പടരുന്നു. ബംഗാളില്‍ സമരം തുടരുന്നതിനിടെയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സമരം വ്യാപിക്കുന്നത്.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്ന് ദിവസം പിന്നിടുമ്പോള്‍ സമരത്തിന് പിന്തുണയുമായി ദല്‍ഹി എയിംസിലേയും സഫ്ദര്‍ജംഗിലേയും പട്‌നയിലേയും റായ്പൂരിലേയും രാജസ്ഥാനിലെയേും പഞ്ചാബിലേയും വിവിധ ആശുപത്രിയിലെ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയും ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഡോക്ടര്‍മാരും ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. ഡയാലിസിസിനായി തന്റെ അമ്മയെ എയിംസില്‍ എത്തിച്ചെങ്കിലും ചികിത്സയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും ഒരു രോഗിയുടെ ബന്ധു പറഞ്ഞു. സമരത്തെ തുടര്‍ന്ന് പല രോഗികളും ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എയിംസ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.
കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് മൂന്ന് ദിവസം മുന്‍പ് കൈയ്യേറ്റമുണ്ടായത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ദല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കി പ്രതിഷേധിക്കുന്നത്.
ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് എയിംസിലെ ഡോക്ടര്‍മാര്‍ തലയില്‍ ബാന്‍ഡേജ് ധരിച്ചാണ് ഇന്ന് ജോലിക്കെത്തിയത്. ക്രമസമാധാന നില താറുമാറായി കിടക്കുകയാണെന്ന് എയിംസ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മൂന്ന് ദിവസമായി സമരത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മുമാണെന്ന് ആരോപിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ ഉച്ചയോടെ ജോലിക്ക് കയറണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇല്ലാത്ത പക്ഷം ശക്തമായ നടപടിയെടുക്കുമെന്ന് മമത മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ മതിയായ സുരക്ഷ ഒരുക്കാതെ ജോലിക്കില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. ബംഗാളില്‍ സമരം തുടരുന്നതിനിടെയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സമരം വ്യാപിക്കുന്നത്.